
സ്വന്തം ലേഖകൻ: ഒരിടവേളയ്ക്കു ശേഷം ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രോഗബാധയും മരണസംഖ്യയും ഉയർന്നതോടെ ആശുപത്രികളിലും മോർച്ചറികളിലും സ്ഥലം തികയാത്ത സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 2019ൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ രണ്ടാം വരവിനെ പേടിക്കണോ എന്ന സംശയത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ. വൈറസിൻ്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കാനുള്ള സാഹചര്യം മുൻനിർത്തി ജാഗ്രത ശക്തമാക്കാനാണ് കേന്ദ്രസർക്കാരിൻ്റെയും തീരുമാനം.
ചൈനയിലെ രോഗബാധ സംബന്ധിച്ച് അധികവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഒന്നിലധികം വൈറസ് വകഭേദങ്ങൾ രാജ്യത്ത് പടരുന്നുണ്ടെന്നാണ് ഇന്ത്യയിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. രാജ്യത്തെ 15 ശതമാനം കേസുകളും ബിഎഫ്.7 എന്ന വകഭേദമാണെന്നാണ് വിരയിരുത്തൽ. അൻപത് ശതമാനത്തിലധികം കേസുകളും ബിഎൻ, ബിക്യൂ ശ്രേണിയിൽപ്പെട്ടവയാണ്. എസ് വിവി ശ്രേണിയിൽപ്പെട്ട 10 – 15 ശതമാനം കേസുകളുമുണ്ട്. എന്നാൽ ചൈനയിൽ ഇത്രയും സ്ഥിതി രൂക്ഷമാക്കുന്നത് ജനങ്ങളിൽ പ്രതിരോധശേഷി കുറവായതിനാലാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കോവിഡ് മഹാമാരിയെ ചെറുക്കാനായി ലോകത്ത് പല രാജ്യങ്ങളും പരിമിതമായ നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. ഒപ്പം ചികിത്സാ, പരിശോധനാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിച്ചു. എന്നാൽ രാജ്യം മൊത്തം അടച്ചിട്ട് രോഗബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതായിരുന്നു ചൈന സ്വീകരിച്ച തന്ത്രം. ഇതാണ് തിരിച്ചടിയായതും. പല രാജ്യങ്ങളിലും ജനങ്ങളിൽ ഭൂരിപക്ഷം പേർക്കും ഒന്നിലധികം തവണ പല വകഭേദങ്ങളിലൂടെ രോഗം വന്നു പോയതോടെ കോവിഡിനെതിരെ വലിയ പ്രതിരോധശേഷിയുണ്ടായി. എന്നാൽ ചൈനയിൽ പൊതുജനങ്ങൾക്കിടയിൽ രോഗപ്രതിരോധശേഷി കുത്തനെ താഴ്ന്നു. രണ്ട് വർഷത്തോളമായി ചൈനയിൽ തുടരുന്ന കടുത്ത നിയന്ത്രണത്തിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സ്ഥിതി വഷളായി. ഇളവുകൾക്കൊപ്പം കോവിഡും തിരിച്ചെത്തി.
സ്വാഭാവികമായ രോഗബാധയിലൂടെയും വാക്സിനുകളിലൂടെയും രാജ്യത്ത് ഹൈബ്രിഡ് പ്രതിരോധശേഷി ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. മൂന്ന് തരംഗങ്ങളായി കോവിഡ് വന്നുപോയതോടെ രാജ്യത്തെ ഭൂരിപക്ഷം പേരിലും ആൻ്റിബോഡികൾ എത്തിയിട്ടുണ്ട്. “ചൈനയിൽ ജനങ്ങൾക്ക് പ്രതിരോധശേഷിയില്ല. അവരെ ഇതുവരെ വൈറസ് ബാധിച്ചിട്ടില്ല. കൂടാതെ അവരുടെ വാക്സിനും ഫലപ്രാപ്തി കുറവാകാനാണ് സാധ്യത. ചൈനയിൽ പലർക്കും മൂന്ന് മുതൽ നാല് ഡോസ് വരെ വാക്സിൻ കിട്ടിയിട്ടുണ്ടെന്നതും കാണണം.” കേന്ദ്ര കോവിഡ് പാനൽ തലവൻ എൻകെ അറോറ ദേശീയ മാധ്യമമായ എൻഡിടിവിയോട് വ്യക്തമാക്കി.
ഇന്ത്യയിൽ ഇതുവരെ 97 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 വയസിനു താഴെ പ്രായമുള്ള കുട്ടികളിൽ പോലും ശരാശരി 96 ശതമാനം പേർക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ നടക്കുന്നതിനിടെ പോലും വൈറസ് ബാധയുണ്ടായ പ്രദേശം എന്ന നിലയിൽ ഇന്ത്യ കോവിഡിൽ നിന്ന് ഏറെ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിൽ 3400 കോവിഡ് കേസുകളാണുള്ളത്. എന്നാൽ ചൈനയിൽ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മുൻവർഷങ്ങളിൽ ഉണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. എന്നാൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പല വിദഗ്ധരും പറയുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ രോഗബാധാ നിരക്ക് പ്രതീക്ഷിച്ചതു പോലെയാണെന്നും വലിയൊരു വിഭാഗം ജനങ്ങൾക്കും കോവിഡ് ബാധിച്ചിട്ടില്ലെങ്കിൽ രോഗബാധ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും പകർച്ചവ്യാധി വിദഗ്ധനായ ഡോ. ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. എന്നാൽ ഇന്ത്യയടക്കം മറ്റൊരു രാജ്യത്തിനും ഈ സവിശേഷമായ സാഹചര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിടെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതു മുതലാണ് രോഗബാധ ഉയരാൻ തുടങ്ങിയത്. മുൻപ് രോഗം ബാധിച്ചവരിലുള്ള പ്രതിരോധശേഷിയെ മറികടക്കുന്ന ബിഎഫ് 7 ഉപവകഭേദമാണ് ചൈനയിലെ പ്രശ്നത്തിനു പിന്നിൽ. രോഗപ്രതിരോധശേഷിയില്ലെങ്കിൽ പ്രായമായവരിൽ അടക്കം രോഗബാധ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് വൈറോളജിസ്റ്റായ ഡോ. ജേക്കബ് ജോൺ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യയിൽ നാല് ബിഎഫ് 7 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം രോഗമുക്തി നേടിയെനനും ഉദ്യോഗസ്ഥർ പറയുന്നു. കോവിഡ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഇന്നും ആളുകൾ രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നുണ്ടെന്നും പകർച്ചവ്യാധി വിദഗ്ധൻ ഡോ. ലളിത് കാന്ത് പറയുന്നു. എന്നാൽ കോവിഡ് ഇന്ന് ഫ്ലൂ പോലെ ഒരു സാധാരണ രോഗമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇന്ത്യക്കാർ നേടിയ പ്രതിരോധശേഷിയാണ് രോഗബാധ കുറഞ്ഞു നിൽക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല