സ്വന്തം ലേഖകൻ: ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ചാംപ്യന്മാരായ അര്‍ജന്റീന ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ലോകകപ്പ് വേളയില്‍ താമസിച്ചിരുന്ന മുറി ഒരു ചെറിയ മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തര്‍ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ടൂര്‍ണമെന്റ് നടന്ന 29 ദിവസവും ലാ ആല്‍ബിസെലെസ്റ്റിന്റെ ബേസ് ക്യാമ്പായിരുന്നു ഖത്തര്‍ യൂണിവേഴ്സിറ്റി കാമ്പസ്.
മെസ്സിയെയും സംഘത്തെയും വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇവര്‍ താമസിച്ച കെട്ടിട സമുച്ഛയങ്ങള്‍ക്ക് ഒരു അര്‍ജന്റീനിയന്‍ ടച്ച് നല്കാന് സംഘാടകര്‍ ശ്രദ്ധിച്ചിരുന്നു. അര്‍ജന്റീനയുടെ ദേശീയ ജേഴ്സിയിലെ നീലയും വെള്ളയും നിറമായിരുന്നു കെട്ടിടങ്ങള്‍ നല്‍കിയിരുന്നത്. ടീമംഗങ്ങള്‍ക്ക് നാട്ടിലാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
അതോടൊപ്പം സ്പാനിഷ് ഭാഷയില്‍ താരങ്ങളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും ചുവരെഴുത്തുകളും ഇവിടെ ഒരുക്കിയിരുന്നു. ഖത്തര്‍ യൂനിവേഴ്സിറ്റി പുറത്തിറക്കിയ ഒരു പുതിയ വീഡിയോയില്‍, കാമ്പസ് നീലയും വെള്ളയും കൊണ്ട് അലങ്കരിച്ചിരിക്കുന്നതും അതിന്റെ ഹാളുകള്‍ ലോകകപ്പ് ചാമ്പ്യന്മാരുടെ പോസ്റ്ററുകളും അവരുടെ ഓട്ടോഗ്രാഫുകളും ജേഴ്സികളും കൊണ്ട് നിറഞ്ഞിരിക്കുന്നതും ദൃശ്യമായിരുന്നു.
മികച്ച സൗകര്യങ്ങളായിരുന്നു ടീമിനു വേണ്ടി ഒരുക്കിയിരുന്നത്. ഇന്‍ഡോര്‍ ജിമ്മിന് പുറമെ ഔട്ട്ഡോര്‍ സ്പോര്‍ട്സ് പരിശീലിക്കാന്‍ അവസരമൊരുക്കുന്ന മൂന്ന് സ്പോര്‍ട്സ് കോംപ്ലക്സുകളും ഖത്തര്‍ യൂണിവേഴ്സിറ്റി ടീമിനായി തുറന്നിരുന്നു. ഇപ്പോള്‍ മ്യൂസിയമാക്കി മാറ്റുന്ന മുറിയില്‍ മിക്കവാറും മെസ്സി തനിച്ചാണ് താമസിച്ചിരുന്നത്. അവസാന ദിവസങ്ങളില്‍ ടീമിനൊപ്പം ചേര്‍ന്ന അഗ്യൂറോയും മെസ്സിക്കൊപ്പം കുറച്ചു ദിവസം താമസിച്ചിരുന്നു.
ഖത്തര്‍ ലോകകപ്പിനിടെ മെസ്സിക്ക് വലിയ പരിഗണനയായിരുന്നു അധികൃതരില്‍ നിന്ന് ലഭിച്ചത്. ലോകകപ്പ് കിരീടം ചൂടിയ മെസ്സിയെ, ലോകകപ്പ് ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബികളുടെ പ്രത്യേക അലങ്കാര വസ്ത്രമായ ബിഷ്ത് ധരിച്ചത് വലിയ വാര്‍ത്തയായിരുന്നു. അറബികള്‍ സ്ഥാനാരോഹണ ചടങ്ങുകളിലും വിവാഹ വേളകള്‍ പോലുള്ള സവിശേഷ സന്ദര്‍ഭങ്ങളിലും ധരിക്കുന്നതാണ് ബിഷ്ത് എന്ന പേരില്‍ അറിയപ്പെടുന്ന മേലങ്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല