സ്വന്തം ലേഖകൻ: ബഫര്‍സോണില്‍ സര്‍വെ നമ്പര്‍ ചേര്‍ത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പുതിയ ഭൂപടത്തിലും പിഴവുകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം ബുധനാഴ്ച സര്‍ക്കാര്‍ പുറത്തു വിട്ടത്.
എന്നാല്‍ പുതിയ ഭൂപടത്തിലും പിശകുകളുണ്ടെന്നാണ് കര്‍ഷകരുള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരേ സര്‍വെ നമ്പറില്‍പ്പെട്ട ഭൂമി ബഫര്‍സോണിലും ജനവാസമേഖലയിലും ഒരു പോലെ കാണിച്ചിട്ടുണ്ട് എന്നതാണ് പുതിയ ഭൂപടത്തിലെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ അതിരുകളിലുള്ള ഭൂമിയിലെ സര്‍വെ നമ്പറിലാണ് ഇത്തരത്തിലുള്ള പിശകുകളുള്ളത്.
സാധാരണഗതിയില്‍ കൃഷിയിടമോ വാസസ്ഥലമോ അത് പൂര്‍ണമായും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനു വിരുദ്ധമായി ഒരേ സര്‍വെ നമ്പറില്‍പ്പെട്ട ഭൂമി ബഫര്‍സോണിന് അകത്തും പുറത്തുമായി വന്നതാണ് കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കിയത്. കൂടാതെ സൈലന്റ്വാലി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ഭൂമിയെന്നാണ് പുതിയ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ പുറത്തിറക്കിയ ഭൂപടത്തെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിൽ സർവേനമ്പറുകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമായാണ് ബുധനാഴ്ച വീണ്ടും ഭൂപടം പുതുക്കിയിറക്കിയത്.
ഭൂപടത്തിൽ ചുവപ്പ്-മജന്ത അതിരടയാളത്തിനുള്ളിലാണ് കരുതൽമേഖല രേഖപ്പെടുത്തിയിട്ടുള്ളത്. വന്യജീവി സങ്കേതത്തിനൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലെയും കരുതൽമേഖല പ്രത്യേകം രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ പ്രയാസമാണ്. അതേസമയം, തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഇത് വിശദീകരിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല