സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു പരുക്കേറ്റ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അതിവേഗത്തിലെത്തിയ മെഴ്സിഡീസ് ബെൻസ് ജിഎൽഇ 43 കാർ ഡിവൈഡറിൽ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കു വരുന്ന വഴിയാണ് അപകടം നടന്നത്.
പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതോെട നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് താരം പൊലീസിനെ അറിയിച്ചത്. ഇടിച്ച വാഹനത്തിനു തീപിടിച്ചതോടെ ഗ്ലാസ് തകര്‍ത്താണു പന്ത് പുറത്തിറങ്ങിയത്. ഉടൻ തന്നെ പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ ഋഷഭ് പന്ത് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരുക്കുണ്ട്. കാലിൽ പൊട്ടലുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ ആശുപത്രിയിലേക്കു താരത്തെ മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല