1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2022

സ്വന്തം ലേഖകൻ: വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ കയറാൻ ശ്രമിച്ചതിന് നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച വാർത്ത ഈയിടെ എല്ലാവരും അറിഞ്ഞതാണ്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനേത്തുടർന്ന് ഷൈനിനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഈ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഷൈൻ. വിമാനം ഓടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ പോയതാണെന്ന് അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോക്പിറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് താൻ പോയതെന്ന് ഷൈൻ പറഞ്ഞു. നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊക്കുന്നത്. കോക്പിറ്റ് എന്ന് പറയുമ്പോൾ ‘കോർപിറ്റ്’ എന്നാണ് താൻ കേൾക്കുന്നതെന്നും ഷൈൻ പറഞ്ഞു.

കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും. പക്ഷേ, അക്കാര്യം ആവശ്യപ്പെടാൻ അവരെ ആരേയും കണ്ടില്ല. ഞാൻ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവർ ഏത് സമയവും അതിനുള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ല. പോയിനോക്കിയപ്പോൾ അവിടെ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. തനിക്ക് ആകെ ദേഷ്യം വന്നു എന്നും എന്നും ഷൈൻ കൂട്ടിച്ചേർത്തു.

സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഭാരത് സർക്കസ് എന്ന ചിത്രത്തിന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം. എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈൻ കയറാൻ ശ്രമിച്ചത്. തൊട്ടുപിന്നാലെ ക്യാബിൻ ക്രൂ ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, നടൻ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടർന്ന് നടനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂടാതെയാണ് വിമാനം പിന്നീട് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.