പാവപ്പെട്ട പെട്രോള്‍ കമ്പനിക്കാരെക്കുറിച്ച് ആര്‍ക്കും എന്തും പറയാല്ലോ. പാവങ്ങള്‍ക്ക് വല്ല ലക്ഷമോ കോടിയോ ലാഭം കിട്ടുന്നതിന്റെ കണ്ണുകടി. ഈ ലക്ഷവും കോടിയും എണ്ണിത്തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ട് ആര്‍ക്കറിയണം. അതിനിടയിലായിരിക്കും മാര്‍ക്കറ്റില്‍ പുതിയൊരു കാര്‍ വരുന്ന കാര്യം അറിയുന്നത്. വാങ്ങാതിരിക്കാന്‍ പറ്റ്വോ. ത്രീജി കഴിഞ്ഞ് മൊബൈലിപ്പോള്‍ ഫോര്‍ജിയായി. വേണ്ടെന്നുവയ്ക്കാന്‍ പറ്റ്വോ. ഇതെല്ലാം കഴിഞ്ഞിട്ട് ഏതെങ്കിലും കടപ്പുറത്തോ മറ്റോ പോയിരു്ന്ന കുറച്ചു സമയം വേദനിക്കുന്ന കോടീശ്വരനാകാന്‍ പോലും സമയം കിട്ടുന്നില്ല. ഇതുവല്ലതും ആര്‍ക്കെങ്കിലും അറിയണോ. ഇതൊക്കെ മാത്രമല്ലല്ലോ നമ്മുടെ ഇന്ത്യ മറു ഭാഗത്ത് ഒരറ്റത്ത് മാനം മുട്ടുന്ന അഴിമതി മാനമില്ലാത്ത യുപിഎ സര്‍ക്കാരിന്റെ തോളില്‍ മറുവശത്ത് ജനങ്ങളുടെ കാലടിയില്‍ പാതാളത്തോളം താഴ്ന്നിറങ്ങുന്ന ജീവിത സാഹചര്യം. എല്ലാത്തിനും മധ്യത്തില്‍ ഞെരുങ്ങിയമരുന്ന നമ്മളോട് ഒരു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയും യുപിഎ നേതൃത്വവും പറഞ്ഞത് എല്ലാം ശരിയാക്കിത്തരാമെന്നായിരുന്നു, അല്ല ഇങ്ങനെയും ശെരിയാക്കാമെന്നു നമുക്ക് ബോധിപ്പിക്കുകയായിരുന്നോ അവരുടെ ലക്ഷ്യം?
പക്ഷെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിലക്കയറ്റം വരുതിയിലാക്കുമെന്നാണല്ലോ പ്രഖ്യാപിച്ചത്. നാണയപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും പിടിച്ചുകെട്ടിക്കളയുമെന്ന് ഉറപ്പു പറയുന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകള്‍ക്കിപ്പോള്‍ നാലാംകിട ഫലിതത്തിന്റെ വിലപോലുമില്ല ജനമനസുകളില്‍ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇരുപതുമാസത്തിനുള്ളില് പതിമൂന്നു തവണയാണു പലിശ നിരക്ക് ഉയര്‍ത്തിയത്. അതിനു മുന്‍പും പിന്പുമായി ഇന്ധന വില ഉയര്‍ത്തി, ഭക്ഷ്യവില കുത്തനെ കുതിപ്പിക്കുന്നു ഇതേ സര്‍ക്കാര്‍. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് 12.21 ആണു ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത്. കഴിഞ്ഞ ഒന്‍പതു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനകം വര്‍ധിച്ച പെട്രോള്‍ വിലയും ഇനി വര്ധിക്കാനിരിക്കുന്ന ഡീസല്‍ വിലയും കണക്കിലെടുത്താല്‍ ഈ നിരക്ക് ഇനിയും ഉയരും. എന്നുവച്ചാല്‍ ഈ രാജ്യത്തെ സാധാരണക്കാരന്റെ നടുവ് ഇനിയും വളരെക്കൂടുതല്‍ വളയും, വയറ് വല്ലാതെ വിശക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആറുതവണയായി പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 18.44 രൂപ. ഈ വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ വര്‍ധന 13.46 രൂപ. നടപ്പുവര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു മാസത്തോളം ബാക്കിയുണ്ട്. അതിനുള്ളില്‍ എണ്ണവില ഇനി എത്രതവണ കൂടുമെന്ന് ഒരു നിശ്ചയവുമില്ല. ഏതായാലും ഒരു തവണയെങ്കിലും ഉറപ്പെന്നാണു സൂചന. അടി അവിടംകൊണ്ടും തീരുന്നില്ല. വടിവെട്ടാന്‍ പോയിട്ടേയുള്ള എന്ന മട്ടില്‍, ഡീസല്‍, പാചകവാതക വിലയും ഉടന്‍ ഉയരും. ഡീസല്‍ വില ലിറ്ററിന് മൂന്നു രൂപയും പാചക വാതകം സിലിണ്ടറിന് 75 രൂപയും വര്‍ധിക്കുമെന്നാണു പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഭക്ഷ്യവിലക്കയറ്റം, നാണയപ്പെരുപ്പം, പലിശവര്‍ധന, കടക്കെണി തുടങ്ങിയ ഊരാക്കുടുക്കില്‍ കുടുങ്ങി ജനം എരിതീയില്‍ വെന്തുരുകുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ ഭരണരാജാക്കന്മാര് വീണ മീട്ടി രസിക്കുന്നു.
നാണം എന്ന വാക്കിന് അവിടെ അര്‍ഥമില്ലാതാകുന്നു. എണ്ണക്കമ്പനികളെ സഹായിച്ചു സഹായിച്ച് ജനങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധ്യതയായിരിക്കുന്നു. കണക്കറിയാത്തവരല്ല നമ്മുടെ പ്രധാനമന്ത്രിയും ധനമന്ത്രിയും. ലോകം അംഗീകരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണു ഡോ. മന്മോഹന് സിങ്. മന്മോഹന് സിങ്ങിനെപ്പോലും കണക്കു പഠിപ്പിച്ച ധനമന്ത്രിയാണു പ്രണബ് കുമാര്‍ മുഖര്‍ജി. പക്ഷേ, സാധാരണ ജനങ്ങളുടെ കാര്യം വരുമ്പോള്‍ ഇവരുടെ കണക്കുകൂട്ടലുകള്‍ മനഃപൂര്‍വം പിഴയ്ക്കുന്നു.
അതേസമയം പെട്രോള്‍ വില കൂട്ടാനായി നഷ്ടക്കണക്കു പറയുന്ന എണ്ണക്കമ്പനികള്‍ മറച്ചുവയ്ക്കുന്നതു ശതകോടികളുടെ ലാഭക്കണക്ക്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണക്കമ്പനികള്‍ ലാഭത്തിന്റെ കാര്യത്തില്‍ മത്സരത്തിലാണ്. രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞവര്‍ഷം 11,432 കോടി രൂപയുടെ ലാഭമാണു കൊയ്തത്. റിലയന്‍സിനു കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്. ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും ജനദ്രോഹവുമാണ് പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റി എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചത്.
2009 ജനുവരിയില്‍ നടപ്പാക്കിയ തീരുമാനം ഈ രാജ്യത്തെ ഓരോ പൗരന്റെയും ചുമലില്‍ കയറ്റിവച്ച ഭാരം കുറച്ചൊന്നുമല്ല. മുന്‍പൊക്കെ, രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ ഒരിക്കലായിരുന്നു ഇന്ധനവില വര്‍ധന. അതും കഷ്ടിച്ച് ഒന്നോ രണ്ടോ രൂപ മാത്രം. അതു മാറി, ദിവസേനയെന്നോണം വില ഉയരുമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. പെട്രോള്‍ ആഡംബരക്കാരുടെ ഉപയോഗവസ്തു ആണെന്ന പഴയ ധാരണ വച്ചു പുലര്‍ത്തുന്നവരുണ്ടാകാം. എന്നാല്‍, സാധാരണക്കാരില്‍ സാധാരണക്കാരുടെ വരെ അവശ്യവസ്തുവാണ് പെട്രോള്‍. ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ വിലകൂടിയാല്‍ വീട്ടു മുറ്റത്തു വാങ്ങാന്‍ കിട്ടുന്ന പഴത്തിനും പച്ചക്കറിക്കും വരെ വില കൂടും. ഏതെങ്കിലും തുണിക്കടയിലോ ഷോപ്പിങ് മാളിലോ ജോലിക്കു പോകുന്ന സാധാരണ പെണ്‍കുട്ടിയുടെ പോലും ജീവിതച്ചെലവിനെയും സാരമായി ബാധിക്കുമെന്നു തിരിച്ചറിയാന്‍, സാധാരണക്കാരെ മനസിലാക്കുന്ന മനക്കണക്കു മാത്രം മതി.
വില കുറയ്ക്കാന്‍ മാന്ത്രിക വടിയൊന്നും കൈവശമില്ലെന്ന് എന്നേ പ്രഖ്യാപിച്ചുകഴിഞ്ഞു, കേന്ദ്ര സര്‍ക്കാരും യുപിഎ നേതൃത്വവും. ഇന്ധനവില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്കു കൈമാറിയ നടപടി റദ്ദാക്കുകയും ഇന്ധനത്തിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന അധിക നികുതിയും സെസും പിന്‍വലിക്കുകയും ചെയ്താല്‍ ഒരളവുവരെയെങ്കിലും നിയന്ത്രിക്കാം, നാണയപ്പെരുപ്പവും വിലക്കയറ്റവും. പതിവു പോലെ വാഹന പണിമുടക്കും പ്രക്ഷോഭവുമായി രംഗത്തു വന്നിട്ടുണ്ട് ഇടതുകക്ഷികളടക്കമുള്ള പ്രതിപക്ഷം.
വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കു കൈമാറിയ നടപടി ചെറുക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു പ്രമേയം കൊണ്ടുവന്ന് ഫലപ്രദമായ ചര്‍ച്ച നയിക്കാന്‍ എന്തുകൊണ്ടു കഴിയുന്നില്ല ഈ പാര്‍ട്ടികള്‍ക്ക്? സാധാരണക്കാരെ പെരുവഴിയില്‍ വലയ്ക്കുന്ന സമരവഴിപാടുകളെക്കാള് ആയിരം മടങ്ങു ഗുണം ചെയ്യും അത്തരം നടപടി. ഒന്നിനും മാന്ത്രികവടി കൈയിലില്ലെന്നു കൈമലര്‍ത്തുന്ന മന്മോഹന് ഭരണകൂടത്തോടും ഒരു വാക്ക്. എല്ലാം പരിഹരിക്കാന്‍ പോന്ന വടി ജനങ്ങളുടെ കൈയിലുണ്ട്. വോട്ടുപെട്ടികളില്‍ അതിന്റെ പ്രകമ്പനം വൈകാതെ കേള്‍ക്കാം. ഏതാനും സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു വരുന്നുണ്ട് 2012ന്റെ തുടക്കത്തില്‍. അത്രമാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല