1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2022

സ്വന്തം ലേഖകൻ: ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും ഉയര്‍ച്ച താഴ്ച്ചകളുണ്ടാകും. ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ സംഭവിക്കും. ഒരുമിച്ചുള്ള ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരിക്കും മിക്കപ്പോഴും അസ്വാരസ്യങ്ങളുണ്ടാകുക. അത്തരത്തില്‍ കടന്നുപോയ ഒരു കാലഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ.

ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ പത്ത് വര്‍ഷത്തോളം ഭര്‍ത്താവായ ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മിഷേല്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച റിവോള്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മിഷേലിന്റെ വെളിപ്പെടുത്തല്‍. ആ സമയത്ത് കുഞ്ഞുങ്ങള്‍ രണ്ടു പേരും ചെറിയ പ്രായമായിരുന്നെന്നും മിഷേല്‍ പറയുന്നു.

‘നിങ്ങള്‍ ഒരു വ്യക്തിയുമായി ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടക്കുമ്പോഴും ആ ബന്ധം നിലനിര്‍ത്തുന്നത് എത്രത്തോളം കഠിനമാണെന്ന കാര്യം നമ്മള്‍ ആരും തുറന്ന് സംസാരിക്കുന്നില്ല. ഇതെല്ലാം പറയുമ്പോള്‍ ഞാന്‍ എത്രത്തോളം ക്രൂരയാണെന്ന് ആളുകള്‍ ചിന്തിക്കും. 10 വര്‍ഷത്തോളം എനിക്ക് എന്റെ ഭര്‍ത്താവിനെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മക്കള്‍ രണ്ടു പേരും അന്ന് ചെറിയ പ്രായമായിരുന്നു. ഞങ്ങള്‍ സ്വന്തം കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലും. ആ സമയത്ത് മക്കളുടെ സ്‌കൂളിനെ കുറിച്ചും അവര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ചുമെല്ലാം ഞാന്‍ വേവലാതിപ്പെട്ടു. വിവാഹം ഒരിക്കലും 50-50 സാധ്യതയല്ല. ചിലപ്പോള്‍ ഞാന്‍ 70ഉം അദ്ദേഹം 30ഉം ആയ സമയങ്ങളുണ്ട്. ചിലപ്പോള്‍ അദ്ദേഹം 60ഉം ഞാന്‍ 40ഉം ആകും. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 30 വര്‍ഷം പൂര്‍ത്തിയായി. അതില്‍ 10 വര്‍ഷം ഏറ്റവും മോശം സമയമായിട്ടാണ് ഞാന്‍ കാണുന്നത്. നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം.

ചിലപ്പോള്‍ അഞ്ച് വര്‍ഷം ആകുമ്പോഴേക്ക് ആളുകള്‍ പരാജയം സമ്മതിക്കും. ഇത് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു പറയും. ഇതിലെല്ലാം ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ മനസിലാക്കുക എന്നതാണ്. ബന്ധത്തിലെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്.’ മിഷേല്‍ പറയുന്നു.

1992-ലാണ് ഒബാമയും മിഷേലും വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഇരുവരും 30ാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. 24 വയസ്സുകാരി മാലിയ ആന്‍ ഒബാമയും 21-കാരി സാഷ ഒബാമയുമാണ് ഇരുവരുടേയും മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.