സ്വന്തം ലേഖകൻ: അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക്. താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് കരാര്‍ ഒപ്പുവെച്ചത്. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. 2025 വരെ നീളുന്ന, രണ്ടര വര്‍ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക. ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്‌സി പിടിച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം അല്‍ നസര്‍ ക്ലബ് പുറത്തുവിട്ടു. ഏഴാം നമ്പറില്‍ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക. ക്ലബ്ബില്‍ ഫോര്‍വേഡായിത്തന്നെയാണ് താരം കളിക്കുന്നത്.
ക്ലബ്ബിന്റെ വിജയം മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെത്തന്നെയും ഒന്നടങ്കം പ്രചോദിപ്പിക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരാറാണിതെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. ഒന്‍പതു തവണ സൗദി അറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബ്ബാണ് അല്‍ നസര്‍.
റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബ്, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ലീഗ് കിരീടങ്ങള്‍ നേടിയ ടീമാണ്. അവസാനമായി പ്രോ ലീഗ് നേടിയത് 2019-ല്‍. റൊണോള്‍ഡോയെ കൊണ്ടുവരുന്നത് വഴി തങ്ങളുടെ ആദ്യ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
വ്യത്യസ്തമായ ഒരു രാജ്യത്തിന്റെ പുതിയ ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ആണ്‍-പെണ്‍ ഫുട്‌ബോള്‍ രംഗത്ത് അല്‍ നസര്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രചോദനാത്മകമാണ്. ഇക്കഴിഞ്ഞ ലോകകപ്പിലെ സൗദിയുടെ പ്രകടനവും നമ്മള്‍ കണ്ടതാണ്.
ഫുട്‌ബോളില്‍ വലിയ നിലയിലെത്താന്‍ ആഗ്രഹവും കരുത്തുമുണ്ട് സൗദി അറേബ്യയ്ക്ക്, ക്രിസ്റ്റിയാനോ പറഞ്ഞു. യൂറോപ്യന്‍ ഫുട്‌ബോളില്‍ വലിയ വിജയങ്ങള്‍ നേടാന്‍ തനിക്കായി. ഇനി ഏഷ്യയിലെ എന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ഒരു സമയമാണ് ഇതെന്നാണ് കരുതുന്നതെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരുന്ന 37-കാരന്‍ ക്ലബ്ബുമായുള്ള പടലപ്പിണക്കങ്ങള്‍ക്കൊണ്ട് വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ലോകകപ്പിന് തൊട്ടുമുമ്പ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് ടീം പുറത്തായി.
അതേസമയം, ഘാനയ്‌ക്കെതിരേ നേടിയ പെനാല്‍ട്ടിയിലൂടെ തുടര്‍ച്ചയായി അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡിനുടമയാവാന്‍ ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞു.
റൊണാൾഡോ ടീമിലെത്തിയതിനു പിന്നാലെ സൗദി അറേബ്യൻ ക്ലബ് അൽ– നസറിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. റൊണാൾഡോ ക്ലബിൽ ചേര്‍ന്ന വിവരം പ്രഖ്യാപിക്കുമ്പോൾ 8.60 ലക്ഷം പേരാണ് ടീമിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 3.1 മില്യൻ പിന്നിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല