സ്വന്തം ലേഖകൻ: ഇന്ത്യയിലെ മാനേജ്മെന്റ് വിദഗ്ധരില്‍ പ്രമുഖനാണ് ഞായറാഴ്ച അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ഡയറക്ടര്‍ ആര്.കെ. കൃഷ്ണകുമാര്‍. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണന് ദേവന് കമ്പനിയെ ജെയിംസ് ഫിന്‍ലേയില്‍നിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളില്‍ പരന്നുകിടന്ന ടെറ്റ്ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു.
തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. ജെയിംസ് ഫിന്‍ലേയുടെ ഉടമസ്ഥതയില്‍ കണ്ണന്‍ദേവന്‍ നഷ്ടത്തിലേക്കു പതിച്ചു. ഇതിനെ ഏറ്റെടുത്ത് ലാഭത്തിലാക്കാന്‍ ടാറ്റ നടപടി തുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ടാറ്റയിലെ വിദഗ്ധര്‍ തലപുകഞ്ഞു. തോട്ടത്തില്‍വെച്ചു തന്നെ തേയില പായ്ക്കു ചെയ്യുകയെന്ന ആശയം മുന്നോട്ടുവന്നു. അങ്ങനെ ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടിടത്ത് ഇന്ത്യന്‍ കമ്പനി വിജയിച്ചു. ഇതിനുള്ള ആശയവും ഊര്‍ജവും പകര്‍ന്നത് കൃഷ്ണകുമാറായിരുന്നു.
പുതുമ നഷ്ടപ്പെടാതെ തേയില ഉപഭോക്താക്കളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ ഒരു തേയിലക്കമ്പനിയും പരീക്ഷിക്കാത്ത പദ്ധതി. സാധാരണ ലേലത്തില്‍ പോകുന്ന തേയില അഞ്ചും ആറും മാസം കഴിഞ്ഞാണ് ഉപഭോക്താവിന്റെ കൈയിലെത്തിയിരുന്നത്.
കൃഷ്ണകുമാര്‍ ആവിഷ്കരിച്ച പുതിയ ആശയത്തിലൂടെ കണ്ണന്‍ദേവന്‍ തേയില 15 ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങി. ഈ നൂതന വിപണനതന്ത്രം നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചു. വിപ്ലവാത്മകമായ പരീക്ഷണം രണ്ടുവര്‍ഷം കൊണ്ട് കണ്ണന്‍ദേവന്‍ കമ്പനിയെ കേരളത്തിലെ തേയില വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു.
കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ടാറ്റ ടീ ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്ലിയെ അന്ന് 1870 കോടിയിലേറെ രൂപയ്ക്ക് ഏറ്റെടുത്തത്. അന്ന് ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായിരുന്നു ഇത്.
‘രത്തന്‍ ടാറ്റയുടെ വലംകൈ’ എന്നായിരുന്നു ടാറ്റ സണ്‍സിന്റെ ഡയറക്ടറായിരുന്ന, തലശ്ശേരിക്കാരന് ആര്.കെ. കൃഷ്ണകുമാറിനെ ദേശീയ ബിസിനസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. രത്തന്‍ ടാറ്റയുടെ സ്വന്തം കെ.കെ. (കൃഷ്ണകുമാര്‍). കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍, രത്തന്‍ ടാറ്റ കഴിഞ്ഞാല്‍ ടാറ്റാഗ്രൂപ്പിലെ ഏറ്റവും ശക്തനായിരുന്നു ഞായറാഴ്ച മുംബൈയില്‍ അന്തരിച്ച കൃഷ്ണകുമാര്‍. രത്തന്‍ ടാറ്റയുടെ മനസ്സറിഞ്ഞ സഹപ്രവര്ത്തകന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല