സ്വന്തം ലേഖകൻ: ചൈനയിൽനിന്ന് വരുന്ന യാത്രക്കാർ ഖത്തറിൽ പ്രവേശിക്കണമെങ്കിൽ ഇനി കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തർ പൗരന്മാർക്കും റെസിഡന്റ്സിനും സന്ദർശകർക്കും ഈ നിബന്ധന ബാധകമാണ്. ചൊവ്വാഴ്ച വൈകീട്ട് ആറുമണി മുതൽ ചൈനയിൽ നിന്നെത്തുന്നവർക്ക് ഈ നിർദേശം ബാധകമാകുമെന്ന് പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനേഷനോ ഇമ്യൂണിറ്റി സ്റ്റാറ്റസോ പരിഗണിക്കാതെ എല്ലാവരും നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പായി 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റായിരിക്കണം. ചൈനയിൽ സമീപകാലത്ത് കോവിഡ്19 പടരുന്നുവെന്നതിനെ തുടർന്നാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.
വിദേശത്തുനിന്ന് വരുന്നവർക്ക് ഇപ്പോൾ ക്വാറന്റീൻ നിർബന്ധമല്ല. അതേസമയം, ഖത്തറിലെത്തിയശേഷം ആർക്കെങ്കിലും കോവിഡ് ബാധയുണ്ടായി സ്ഥീരികരിച്ചാൽ അവർ രാജ്യത്തിന്റെ നടപടിക്രമങ്ങൾ അനുസരിച്ചുള്ള ഐസലേഷനിൽ ആയിരിക്കണം. രാജ്യത്ത് എത്തുന്നതിനു പിന്നാലെ, പൗരന്മാരും താമസക്കാരും നിലവിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല