സ്വന്തം ലേഖകൻ: ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2022. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക് കമ്പനിയെ ഒന്നാകെ ഏറ്റെടുത്ത് സ്വന്തമാക്കിയത് പോയ വര്‍ഷമാണ്. അതി നാടകീയമായ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ക്ക് പിന്നാലെ മസ്ക് ട്വിറ്ററിലെത്തി. പക്ഷെ, തുടര്‍ന്നിങ്ങോട്ടുള്ള നാളുകള്‍ ട്വിറ്ററിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. 4400 കോടി ഡോളര്‍ മുടക്കി വാങ്ങിയ കമ്പനിയില്‍ ഇത്രയധികം നഷ്ടം ഏറ്റവുവാങ്ങേണ്ടി വരുമെന്ന് തൊട്ടതെല്ലാം പൊന്നാക്കിയ ജനപ്രിയനായ ഇലോണ്‍ മസ്ക് എന്ന വ്യവസായിയും കരുതിക്കാണില്ല. 2000 കോടിയുടെ നഷ്ടം കഴിഞ്ഞവര്‍ഷാവസാനം വരെ മസ്കിന്റെ നേതൃത്വത്തിലുള്ള ട്വിറ്ററിനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഏറ്റെടുക്കല്‍ മുതല്‍ മസ്കിന്റെ ചുവടുകളൊന്നും അത്ര സുഖകരമായിരുന്നില്ല. ട്വിറ്ററിനെ അടിമുടി മാറ്റിക്കളയുമെന്ന് പ്രഖ്യാപിച്ചുവന്ന മസ്ക്, ഉപഭോക്താക്കളെയെല്ലാം നിരാശരാക്കും വിധം കൊണ്ടു വന്ന മാറ്റങ്ങളിലെല്ലാം അമ്പേ പരാജയപ്പെടുകയാണുണ്ടായത്. വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും, ട്വിറ്ററിലെ പ്രധാന പരസ്യവിതരണക്കാരെല്ലാം പിന്‍വലിയുകയും ചെയ്തത് കമ്പനിയ്ക്ക് കനത്ത തിരിച്ചടിയായി. കമ്പനി പാപ്പരാവുന്ന സ്ഥിതിയിലെത്തിയിട്ടില്ലെന്നാണ് മസ്ക് പറയുന്നത്. പക്ഷെ നമ്മളെല്ലാം കാണുന്നതും കേള്‍ക്കുന്നതും അങ്ങനെയുള്ള വാര്‍ത്തകളല്ല.
മുമ്പ് സ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ട്വിറ്റര്‍ അല്ല ഇപ്പോളുള്ളത്. പേര് മാത്രമേ ട്വിറ്റര്‍ എന്നുള്ളൂ. ബാക്കിയുള്ളതെല്ലാം മസ്ക് അടിമുടി മാറ്റിക്കളഞ്ഞു. കമ്പനി സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയിലേതുള്‍പ്പടെ ആഗോളതലത്തില്‍ സ്ഥാപനത്തിലുള്ള 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയാണ് മസ്ക് ചെയ്തത്. അതുവരെയുണ്ടായിരുന്ന കമ്പനി മേധാവി പരാഗ് അഗ്രവാളിനേയും പിരിച്ചുവിട്ടു. നിരവധി ഓഫീസുകള്‍ അടച്ചുപൂട്ടി. മസ്കിന്റെ നേതൃത്വം അംഗീകരിക്കാത്തെ ഒട്ടേറെ ജീവനക്കാര്‍ സ്വമേധയാ കമ്പനി വിടുകയും ചെയ്തു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ചിലവ് ചുരുക്കലെന്ന പേരില്‍ പരിച്ചുവിട്ടവരില് ഉള്‍പ്പെടുന്നു.
ട്വിറ്ററിലെ ജീവനക്കാര്‍ അന്നുവരെ പിന്തുടര്ന്നു പോന്ന കമ്പനിയുടെ തൊഴില്‍ സംസ്കാരം കീഴ്മേല്‍ മറിക്കുകയാണ് മസ്ക് ആദ്യം ചെയ്തത്. പറഞ്ഞ പോലെ ജോലി ചെയ്യുക അല്ലെങ്കില്‍ പിരിഞ്ഞു പോവുക എന്ന നിഷ്കര്‍ഷയാണ് മസ്ക് ജീവനക്കാര്‍ക്ക് മുന്നില്‍ വെച്ചത്. വര്‍ക്ക് ഫ്രം ഹോം രീതി പൂര്‍ണമായും പിന്‍വലിച്ചു. ഇത് അവരെ ഏറെ സമ്മര്‍ദ്ദത്തിലാക്കി. സൗജന്യ ഭക്ഷണം നല്‍കുന്നതും ജോലിക്കിടെ ലഭ്യമാക്കിയിരുന്ന ലഘുഭക്ഷണങ്ങളും നിര്‍ത്തി. വര്‍ഷം 100 കോടി രൂപ ഇതിന് വേണ്ടി ചിലവാക്കേണ്ടി വരുമെന്നാണ് മസ്കിന്റെ വാദം.
ശുചീകരണ തൊഴിലാളികളെ വരെ പിരിച്ചുവിട്ടതോടെ ട്വിറ്ററിന്റെ ഓഫീസുകളിലെ ശൗചാലയങ്ങള്‍ ചീഞ്ഞുനാറുന്ന സ്ഥിതിയിലാണ്. 1.12 കോടി രൂപയോളം വരുന്ന വാടക തുക കമ്പനി ഇതുവരെയും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനാവശ്യമെന്ന് തോന്നുന്ന ഓഫീസുകളിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ വിറ്റു പണമാക്കി.
ആഴ്ചയില്‍ 24 മണിക്കൂറും ജോലി എന്ന നയമാണ് മസ്കിന്. ഇതേ തുടര്‍ന്ന് ട്വിറ്ററിന്റെ ഓഫീസുകള്‍ ഒരേ സമയം കിടപ്പുമുറികള്‍ കൂടിയായ അവസ്ഥയാണ്. ജോലിയും വിശ്രമവും ഓഫീസില്‍ തന്നെ. ഇതിന് വേണ്ടി കിടക്കകള്‍, സോഫ, പ്യുരിഫയറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ മസ്ക് ഒരുക്കിയിട്ടുണ്ട്. അവധി ദിവസമായാല്‍ പോലും ആവശ്യമുള്ളപ്പോഴെല്ലാം ജീവനക്കാര്‍ വിളിപ്പുറത്തുണ്ടാവണം എന്നാണ് മസ്കിന്റെ ആവശ്യം.
ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ശൗചാലയങ്ങള്‍ വൃത്തിഹീനമായ സ്ഥിതിയാണുള്ളത്. ജീവനക്കാര്‍ സ്വന്തമായി ടോയ്ലറ്റ് പേപ്പറുകള്‍ കൊണ്ടുവരികയാണ് ഇപ്പോള്‍. വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് വാഷ്റൂമുകളിലും കക്കൂസുകളിലും ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല