ലോക ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന് മികച്ച തുടക്കം ലഭിക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്നിറങ്ങും. വെസ്റ്റിന്‍ഡീസിനെതിരേ മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റ് ഡല്‍ഹി ഫിറോസ്ഷാ കോട്ലയില്‍. രാവിലെ 9.30 മുതല്‍ നിയോ ക്രിക്കറ്റില്‍ തത്സമയം. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിന്‍ഡീസ് ഇന്ത്യയില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറികളുടെ സെഞ്ചുറി തികയ്ക്കാന്‍ തയാറെടുക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിലാകും മത്സരത്തില്‍ ശ്രദ്ധയത്രയും. അടുത്ത മാസത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള തയാറെടുപ്പായും വിന്‍ഡീസിനെതിരേയുള്ള പരമ്പരയെ കാണുന്നു ഇന്ത്യ. എന്നാല്‍ ബംഗ്ലാദേശിനെതിരേ പരമ്പര വിജയത്തോടെയെത്തുന്ന വിന്‍ഡീസ് അത്ര എളുപ്പം ഇന്ത്യയ്ക്ക് കീഴടങ്ങുമെന്നും കരുതാനാകില്ല.
ടീം
ഇന്ത്യ
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 22 ഹോം മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ആകെ 9 സമനിലകള്‍ മാത്രം. സ്വന്തം മണ്ണില്‍ മഹാമേരുവായി ഉയര്‍ന്നിരിക്കുകയാണ് ഇന്ത്യ. പേസര്‍ സഹീര്‍ ഖാന്‍റെ അഭാവം മാത്രമാണ് ഇന്ത്യയെ വലയ്ക്കുന്നത്.
ഇഷാന്ത് ശര്‍മ പേസ് അറ്റാക്ക് നയിക്കും. വരുണ്‍ ആരോണ്‍, ഉമേഷ് യാദവ് എന്നിവരിലാര്‍ക്കെങ്കിലും അരങ്ങേറാനുള്ള അവസരം ലഭിക്കും. പ്രജ്ഞാന്‍ ഓജയ്ക്കൊപ്പം ആര്‍. അശ്വിന്‍ രണ്ടാം സ്പിന്നറാകുമെന്നും ഏറെക്കുറെ ഉറപ്പ്. ഹര്‍ഭജനും സഹീറുമില്ലാതെ ഇന്ത്യ ഒരു ഹോം ടെസ്റ്റിനിറങ്ങുന്നത് 11 വര്‍ഷത്തിന് ശേഷമാണ്.
ആറാം നമ്പര്‍ ബാറ്റ്സ്മാന്‍റെ സ്ഥാനത്ത് ആരിറങ്ങുമെന്നതും തര്‍ക്ക വിഷയം. യുവരാജ് സിങ്, വിരാട് കോഹ്ലി- അജിന്‍ക്യ രഹാനെ എന്നിവര്‍ തമ്മിലാകും ഈ സ്ഥാനത്തേക്കുള്ള മത്സരം. പരുക്കില്‍ നിന്ന് മുക്തനായെത്തുകയാണ് യുവി. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു വിരാടും അജിന്‍ക്യയും.
വെസ്റ്റിന്‍ഡീസ്
ബംഗ്ലാദേശിനെതിരേയല്ലാതെ മറ്റൊരു ടീമിനെതിരേയും നാല് വര്‍ഷത്തിനിടെ എവേ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല വെസ്റ്റിന്‍ഡീസിന്. പേസ് അറ്റാക്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അവര്‍ ഇറങ്ങുന്നതെങ്കിലും സ്പിന്നര്‍ ദേവേന്ദ്ര ബിഷൂ വും ഇന്ത്യന്‍ പിച്ചുകളില്‍ മാജിക് പുറത്തെടുക്കുമെന്ന് ആരാധക പ്രതീക്ഷ.
ഇന്ത്യയ്ക്കെതിരേ വീര്യം പതിന്മടങ്ങാകുന്ന ശിവ്നാരായണ്‍ ചന്ദര്‍പോള്‍ ഒരിക്കല്‍ക്കൂടി ആ പ്രകടനം ആവര്‍ത്തിച്ചേക്കും. രവി രാംപോള്‍, കെമര്‍ റോച്ച് എന്നിവരെ ഒരുമിച്ച് ഉള്‍പ്പെടുത്തണമെങ്കില്‍ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെ ബലികഴിക്കേണ്ടി വരും. അഡ്രിയാന്‍ ഭരത്ത് ഓപ്പണറാകാനും സാധ്യത. അങ്ങനെ വന്നാല്‍ കിരണ്‍ പവലോ ക്രെയ്ഗ് ബ്രാത്വൈറ്റോ പുറത്തിരിക്കും.
പിച്ച് ആന്‍ഡ് കണ്ടീഷന്‍
2009-10 സീസണില്‍ പിച്ചിന്‍റെ മോശം അവസ്ഥയെത്തുടര്‍ന്ന്ഏകദിന മത്സരം ഉപേക്ഷിച്ച ശേഷം കോട്ലയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണിത്. സ്ലോ പിച്ചാണ് പ്രതീക്ഷിക്കുന്നത്. മൂടല്‍മഞ്ഞ് നിറഞ്ഞ അവസ്ഥയും മത്സരത്തെ ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല