സ്വന്തം ലേഖകൻ: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസ്സായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രസാദ്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നാടക രംഗത്ത് സജീവമായിരുന്ന ബീയാര്‍ പ്രസാദ് 1993 ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് കൊണ്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചലച്ചിത്ര ഗാനരചയിതാവായി മാറുകയായിരുന്നു.
പ്രിയദര്ശന് തന്നെ സംവിധാനം ചെയ്ത് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം ഗാനരചയിതാവായി തുടക്കം കുറിച്ചത്. രണ്ട് വര്‍ഷം വൃക്കമാറ്റി വെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു പ്രസാദ്. കുറച്ച് മുമ്പ് ചാനല്‍ പരിപാടിക്കായി അദ്ദേഹം തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം സ്ഥിരീകരിച്ചത്.
വെട്ടത്തിലെ മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി, കേരള നിരകളാടും ഒരു ഹരിത ചാരുതീരം, തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളിലെ വരികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇരുവട്ടം മണവാട്ടി, സര്‍ക്കാര്‍ ദാദ, ലങ്ക, ഒരാള്‍, സീതകല്യാണം, തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍. 2018ല്‍ ലാല്‍ ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന് വേണ്ടിയാണ് അവസാനമായി അദ്ദേഹം ഗാനങ്ങള്‍ രചിച്ചത്. സനിതയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല