
സ്വന്തം ലേഖകൻ: പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വർധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്ത് വരുംനാളുകളിലും വിദേശികളെ കൂടുതല്‍ നിയമിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ ജോലിചെയ്യുന്നത് 38,549 വിദേശികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് വിദേശി നിയമനത്തിന് അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രാലയത്തില്‍ സ്വദേശിവത്കരണ നയം നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പാര്‍ലമെന്റിൽ എം.പി. അഹമ്മദ് അല്‍ കൻദരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ, ടെക്നിക്കൽ, സപ്പോർട്ടിവ് ഹെൽത്ത് സ്പെഷാലിറ്റി വിഭാഗത്തിലാണ് വിദേശികള്‍ കൂടുതലും ജോലിചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മാന്‍പവര്‍ അതോറിറ്റിയുടെ കണക്കുകള്‍പ്രകാരം ആരോഗ്യമന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.
നേരത്തേ സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമിട്ട് സിവിൽ സർവിസ് കമീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തതുകാരണം തീരുമാനം മരവിപ്പിച്ചിരുന്നു. എന്നാൽ, ഈ വർഷം കൂടുതൽ വിദേശ ഡോക്ടർമാരെയും നഴ്സുമാരെയും രാജ്യത്ത് എത്തിക്കുമെന്ന് ആരോഗ്യ കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല