
സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, കലാകിരീടം സ്വന്തമാക്കി കോഴിക്കോട്. 945 പോയിന്റോടെയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. 925 പോയന്റോടെ കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനത്താണ്. ആലപ്പുഴയിൽ കൈവിട്ട കലാകിരീടമാണ് ഇക്കുറി കോഴിക്കോട് തിരിച്ചുപിടിച്ചത്.
കോഴിക്കോട്ട് ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 14,000 ത്തോളം കുട്ടികളാണ് മാറ്റുരച്ചത്. കലോത്സവത്തിന് എട്ടാംതവണയാണ് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ നാല് ദിനവും കണ്ണൂരായിരുന്നു ഒന്നാമത്. എന്നാല്‍ നാലാ ദിനത്തിന്റെ അവസാന മണിക്കൂറില്‍ നേരിയ ലീഡ് സ്വന്തമാക്കിയ കോഴിക്കോട് അവസാന ദിവസമായ ശനിയാഴ്ച കുതിച്ച് കയറി. 22 വര്‍ഷത്തിന് ശേഷം സുവര്‍ണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെ മറികടന്ന് കോഴിക്കോട് ഒന്നാമത് എത്തുകയായിരുന്നു.
അറബിക് കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും കണ്ണൂരും 95 പോയന്റുമായി ഒന്നാമതാണ്. 93 പോയന്റുമായി എറണാകുളവും മലപ്പുറവും രണ്ടാം സ്ഥാനത്തുമുണ്ട്. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല