
സ്വന്തം ലേഖകൻ: 2021 ഡിസംബര്‍ 15 മുതല്‍ ഇതുവരെ വിവിധ കാരണങ്ങളാല്‍ 3000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാത്ത പ്രവാസികളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ലൈസന്‍സിന് അര്‍ഹതയില്ലാത്ത തസ്തികകളിലേക്കോ നിശ്ചിത ശമ്പളം ഇല്ലാത്ത ജോലിയിലേക്കോ വീസ മാറിയത് ഉള്‍പ്പെടെ ലൈസന്‍സിനുള്ള അര്‍ഹത നഷ്ടപ്പെട്ടത് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് ഇത്രയും പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന കുവൈത്ത് പൗരന്മാരുമായും താമസക്കാരുമായും യോഗത്തിലാണ് മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് മഹ്മൂദ്, സാങ്കേതികകാര്യ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ അദ് വാനി, വിദ്യാഭ്യാസകാര്യ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമ്മൂദ് അല്‍ റൗദാന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
നിലവില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുകളുടെ എണ്ണം 2.3 ദശലക്ഷത്തില്‍ എത്തിയതായി അല്‍ ഖദ്ദ അറിയിച്ചു. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുകള്‍ നടല്കില്ലെന്നും മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്കോ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കോ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇക്കാര്യത്തിലും ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ല. വീട്ടമ്മമാര്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ എന്നാല്‍ ഭര്‍ത്താവിന്റെ ജോലിക്ക് അനുസൃതമായി അവര്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ 400 ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കനത്ത ട്രാഫിക്ക് അനുഭവപ്പെടുന്ന തെരുവുകളോട് ചേര്‍ന്നുള്ള ആഭ്യന്തര റോഡുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമെ, ചില കവലകളില്‍ 100 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അവ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സവിശേതകളോടു കൂടിയ ക്യാമറകളാണ് സ്ഥാപിക്കാന്‍ പോകുന്നത്. ഈ ആറാം തലമുറ ക്യാമറകള്‍ക്ക് രാജ്യത്തെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ലെ ട്രാഫിക് അപകടങ്ങളുടെ ഫലമായുണ്ടാകുന്ന മരണനിരക്ക് 2021 ലെ മരണ നിരക്കിനേക്കാള്‍ വളരെ കുറവാണെന്നും അല്‍ ഖദ്ദ വിശദീകരിച്ചു. ട്രാഫിക് നിരീക്ഷണം ശക്തമാക്കിയതും പരിശോധനകള്‍ കര്‍ശനമാക്കിയതുമാണ് അപകടങ്ങളും അതുമൂലമുള്ള മരണനിരക്കും കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ കാമ്പെയ്നുകളും ഏറെ ഗുണം ചെയ്തു. ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുന്ന നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ബോധവാന്മാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ, സുരക്ഷാ, അന്വേഷണ ഏജന്‍സികളുടെ പരിശോധനാ ക്യാംപയിനുകള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയം 16 കടകള്‍ പൂട്ടിയതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഫഹാഹീല്‍, അല്‍ അഖില, അബു അല്‍ ഹസനിയ, അല്‍ മംഗഫ്, അല്‍ ഖുറൈന്‍ മാര്‍ക്കറ്റുകളിലെ കടകളാണ് വാണിജ്യ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയത്. വാണിജ്യ വഞ്ചന, പ്രഖ്യാപിത വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തല്‍, രാജ്യത്തിന്റെ വാണിജ്യ തീരുമാനങ്ങളും നിയമങ്ങളും ലംഘിക്കല്‍ തുടങ്ങിയവയാണ് നടപടിക്ക് കാരണമായത്. കടകള്‍ മന്ത്രാലയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തുടര്‍ന്നും പരിശോധനാ ക്യാംപയിനുകള്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല