അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്. ഇന്ന് ശനിയാഴ്ച (07/01/2023) രാവിലെ 11 മണിക്ക് കൂട്ടിക്കൽ സെൻറ്. മേരീസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട പത്തനംതിട്ട എം.പി. ശ്രീ. ആന്റോ ആൻറണി മുഖ്യ പ്രഭാഷണം നടത്തും.
യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റ് മെമ്പറും യുക്മ വക്താവുമായ അഡ്വ. എബി സെബാസ്റ്റ്യൻ യോഗത്തിന് സ്വാഗതം ആശംസിക്കുകയും, ശ്രീ. കെ.ജെ. തോമസ് എക്സ്.എം.എൽ.എ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജെസ്സി ജോസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീ. പി.എസ്സ്. സജിമോൻ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. ബിജോയ് ജോസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്യും. യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റ് മെമ്പറും യുക്മ ദേശീയ സമിതിയംഗവുമായ ശ്രീ. ഷാജി തോമസ് യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിക്കും.
2021 ൽ കേരളത്തിലെ മലയോര മേഖലകളിലാകെ ഭീകരനാശം വിതച്ച ഉരുൾപൊട്ടലുകളിൽ ഏറ്റവും കൂടുതൽ നാശം സംഭവിച്ച കൂട്ടിക്കൽ പഞ്ചായത്തിൽ, പഞ്ചായത്തിന്റെ സഹകരണത്തോടെ അനുയോജ്യരായ ഉപഭോക്താക്കളെ കണ്ടെത്തുകയും, വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് ശ്രീ. ഷാജി തോമസ്സാണ്. യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതിയുടെ കീഴിൽ യുക്മ ചാരിറ്റി ഫൌണ്ടേഷനിൽ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ.എബി സെബാസ്റ്റ്യൻ, ടിറ്റോ തോമസ്, ഷാജി തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവരാണ് നിലവിലെ യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റിമാർ.
2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ നടന്ന മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി അന്നത്തെ യുക്മ പ്രസിഡൻ്റ് മാമ്മൻ ഫിലിപ്പ് നേതൃത്വം കൊടുത്ത യുക്മ ദേശീയ സമിതിയുടെ കീഴിൽ യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയ തുകയുടെ ബാക്കി ഉപയോഗിച്ചാണ് രണ്ട് ഭവനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.
യുക്മയുടെയും യുക്മ ചാരിറ്റി ഫൌണ്ടേഷന്റെയും എല്ലാ പ്രവർത്തനങ്ങൾക്കും പിന്നിൽ ചാലക ശക്തിയായി പ്രവർത്തിക്കുന്ന അംഗ അസ്സോസ്സിയേഷനുകൾക്കും സുമനസ്സുകളായ യുകെ മലയാളികൾക്കും ഒരിക്കൽ കൂടി യുക്മ നേതൃത്വത്തിന്റെ നന്ദി.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല