
സ്വന്തം ലേഖകൻ: അടിയന്തര ഘട്ടങ്ങളിൽ വിവേചനമില്ലാതെ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അത്യാഹിത കേസുകൾ നേരിടുമ്പോൾ രോഗികളോട് ഫീസ് ചോദിക്കുന്നില്ല. ഇതിൽ മന്ത്രാലയത്തിന് കൃത്യമായ ചട്ടങ്ങളുണ്ട്. കുവൈത്തികൾ അല്ലാത്തവർക്കും രാജ്യത്തെ എല്ലാ ആശുപത്രികളിലും ഈ ആനുകൂല്യം നൽകിവരുന്നതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കഠിനമായ ഹൃദയാഘാതമുള്ള കുവൈത്ത് ഇതര രോഗികൾക്കു നിർണായക അടിയന്തര ശസ്ത്രക്രിയകൾ, കാർഡിയാക് കത്തീറ്ററൈസേഷൻ എന്നിവയുടെ ഫീസും ധാർമികത കണക്കിലെടുത്ത് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ കുവൈത്തികളല്ലാത്ത രോഗികൾക്കും ആറുമാസം ഓപൺ ഹാർട്ട് ഓപറേഷനോ കത്തീറ്ററൈസേഷനോ ഉൾപ്പെടെ രക്തം കട്ടപിടിക്കുന്നത് തടയാൻ ക്ലോപ്പിഡോഗ്രൽ ആന്റി പ്ലേറ്റ്ലറ്റ് മരുന്ന് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിർണായകവും അടിയന്തരവുമായ കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനു ഇടപെട്ടുവരുന്നു. തൊഴിലിന്റെ ധാർമിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല