സ്വന്തം ലേഖകൻ: വിവാദങ്ങൾക്ക് തിരി കൊളുത്തി ബ്രിട്ടിഷ് രാജകുടുംബാഗം ഹാരിയുടെ ‘സ്പെയർ’ എന്ന പുസ്തകം വിപണിയിലെത്തി. രാജകുടുംബത്തിലെ ഉള്ളറക്കഥകൾ ഏറെയുള്ള സ്പെയറിന് വിപണിയിൽ വൻ സ്വീകരണമാണ്. പുസ്തകം വാങ്ങാന്‍ ബ്രിട്ടനിലടക്കം വന്‍ തിരക്കാണ്. പല പുസ്തക കടകളും അര്‍ധരാത്രി വരെ തുറന്നിരുന്നാണ് വില്പന നടത്തിയത്. നിരവധി പുസ്തകശാലകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിര രൂപപ്പെട്ടു. 50% വിലക്കിഴിവിൽ 14 പൗണ്ട് ആണ് ബ്രിട്ടനിൽ പുസ്തകത്തിന്റെ വില.
പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഹിറ്റാണ് പുസ്തകമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് വ്യക്തമാക്കി. യുകെയില്‍ ആമസോണിന്റെ പട്ടികയിലും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാം സ്ഥാനത്താണ്. ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരിയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ മോര്‍ട്ടണ്‍ 1992ല്‍ എഴുതിയ ‘ഡയാന: ഹെർ ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് ശേഷം ഒരു പുസ്തകത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് സ്പെയറിനു ലഭിച്ചത്. ആദ്യ ദിനം നാല് ലക്ഷം കോപ്പികൾ വിറ്റു പോയതായാണ് പ്രസാധകരുടെ അവകാശ വാദം.
ചാള്‍സ് രാജാവിന്റെ രണ്ടാം ഭാര്യയും ഇപ്പോൾ ക്വീന്‍ കണ്‍സോര്‍ട്ടുമായ കാമില രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ രാജകുടുംബത്തില്‍ നിന്ന് 400 മില്യൻ ഡോളര്‍ ആവശ്യപ്പെട്ടതായി സ്പെയറിൽ പറയുന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.എന്നാൽ ഹാരിയുടെ പുസ്തകത്തെ വരുമാനം നേടാനുള്ള ഒരു ബിസിനസ് മാത്രമായി കണ്ടാൽ മതിയെന്ന് കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള ആദ്യ പ്രതികരണം പുറത്തു വന്നു.
ഹാരി രാജകുമാരന് തന്റെ രണ്ടാനമ്മയുമായുള്ള ആദ്യ കൂടിക്കാഴ്ച വിശദമായി സ്പെയറിൽ വിവരിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ ചില അംഗങ്ങളെ കുറിച്ച് കാമിലയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ബ്രിട്ടിഷ് രാജകുടുംബത്തിനുള്ളിലെ വംശീയത, അധികാര ദുര്‍വിനിയോഗം, ചാള്‍സിനോട് പുനര്‍വിവാഹം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്, അമ്മ ഡയാന രാജകുമാരിയുടെ അപകട മരണം സൃഷ്ടിച്ച വേദന, സഹോദരന് വില്യം രാജകുമാരനുമായുള്ള സംഘര്‍ഷങ്ങള്‍, വിവാഹത്തിന്റെ പേരില്‍ രാജകുടുംബത്തില്‍ നിന്ന് നേരിട്ട പ്രയാസങ്ങള്‍ എന്നിവയെല്ലാം സ്പെയറിൽ വിവരിക്കുന്നുണ്ട്.
അമേരിക്കയിലേക്ക് താമസം മാറ്റിയ ഹാരിയും മെഗനും ഇനി യുകെയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മാധ്യമ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്നാണ് ഹാരി പറയുന്നത്. തിരിച്ചുപോക്ക് സാധ്യമായ കാര്യമാണെന്ന് തോന്നുന്നില്ലന്നും രാജകുടുംബവുമായി ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നാല്‍ പോലും ഞങ്ങൾ തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പിക്കാൻ മൂന്നാംകക്ഷികൾ ഉണ്ടാകുമെന്നും ഹാരി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല