ബ്രിട്ടണില്‍ ഉള്ളവര്‍ ഇപ്പോള്‍ത്തന്നെ എങ്ങനെ ജീവിക്കുന്നുമെന്നറിയാതെ ബുദ്ധിമുട്ടുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാര്‍ നല്കിവന്നിരുന്ന സൗജന്യങ്ങളെല്ലാംതന്നെ നിര്‍ത്തലാക്കി. ഒരുതരത്തിലുള്ള സൗജന്യങ്ങളും ലഭിക്കാതെയാണ് ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ ജീവിക്കുന്നത്. സര്‍ക്കാര്‍ എന്ന സംവിധാനം നികുതി ഈടാക്കാനും സൗജന്യങ്ങള്‍ വെട്ടികുറയ്ക്കാനും ഉള്ള ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അങ്ങനെ വെട്ടികുറയ്ക്കല്‍ കഥകളുടെ കൂട്ടത്തിലേക്ക് ഒരു കഥയുംകൂടി വരുന്നുണ്ട്. ഇന്ധനവിലയില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഇന്ധനവില എന്നു പറയുമ്പോള്‍ ഗ്യാസിന്റെ വില മാത്രമാണ് എന്ന് കരുതരുത്. ഗ്യാസിന്റെയും വൈദ്യൂതിയുടെയും വിലയാണ് കൂടാന്‍ പോകുന്നത്. അങ്ങനെ ബ്രിട്ടണിലെ മുഴുവന്‍ ആളുകള്‍ക്കും ഇരുട്ടടിയായി ഒരു വിലവര്‍ദ്ധനവ് കൂടി ഉണ്ടാകാന്‍ പോകുന്നു.
എന്നാല്‍ ഒരാശ്വസമുള്ളത് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മാത്രമെ ഈ വിലവര്‍ദ്ധനവ് ഉണ്ടാകാന്‍ പോകുന്നുള്ളു എന്ന വാര്‍ത്തയാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇന്ധനങ്ങളുടെ വില ഇപ്പോഴത്തെ വിലയില്‍നിന്ന് മുപ്പത് ശതമാനം കൂടുമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയില്‍ ഇരുപത്തിയൊന്ന് ശതമാനമാണ് ഇന്ധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മഞ്ഞുകാലം തുടങ്ങിയതോടെ ബ്രിട്ടണിലെ വീടുകള്‍ ചൂടാക്കാന്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. ഏതാണ്ട് 224 പൗണ്ടാണ് ഓരോ കുടുംബവും കൂടുതലായി കണ്ടേത്തിവരുന്നത്.
ബ്രിട്ടണിലെ 23 മില്യണ്‍ കുടുംബങ്ങള്‍ ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. പ്രായമായവരുള്ള വീടുകളില്‍പ്പോലും ഇപ്പോള്‍ തണുപ്പിനെ അകറ്റാനുള്ള ചൂടുപകരണങ്ങള് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് ഭൂരിപക്ഷം കുടുംബങ്ങളും വെളിപ്പെടുത്തുന്നു. കഴിഞ്ഞ തണുപ്പുകാലം ഇന്ധനവില കൂടിയതിനെത്തുടര്‍ന്ന് ധാരാളം കുടുംബങ്ങള്‍ മുറി ചൂടാക്കാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. അതുമൂലം ധാരാളംപേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അതുപോലെയാകും ഇത്തവണയും എന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. ബ്രിട്ടണിലെ മൂന്നിലൊന്ന് കുടുംബങ്ങളും ബില്ലുകള്‍ അടയ്ക്കാന്‍വേണ്ടി കടംവാങ്ങുന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല