1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2023

സ്വന്തം ലേഖകൻ: യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ തൊഴിലാളിയെന്നും നടിച്ച് രാജ്യതലസ്ഥാനത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. എംഡി ഷെരീഫ് എന്ന വ്യക്തിയാണ് ലീല പാലസ് ഹോട്ടലില്‍ നാല് മാസത്തോളം താമസിച്ച് മുങ്ങിയത്. 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെയാണ് ഷെരീഫ് കടന്നുകളഞ്ഞത്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 20 വരെയാണ് ഷെരീഫ് ഹോട്ടലില്‍ താമസിച്ചതും ആരോടും പറയാതെ മുങ്ങിയതെന്നും പൊലീസ് പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് പല വിലപിടുപ്പുള്ള വസ്തുക്കളും ഇയാള്‍ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഹോട്ടല്‍ മാനേജ്മെന്റിന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

താൻ യുഎഇയിൽ താമസിക്കുന്നതായും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നതായും ഷെരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞതായാണ് പരാതിയില്‍ നിന്ന് മനസിലാകുന്നത്. വ്യാജ ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ ഹാജരാക്കിയെന്നും ഇവ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രതി ഹോട്ടലിലെ 427-ാം നമ്പർ മുറിയിലാണ് മാസങ്ങളോളം താമസിച്ചത്. പരാതിയില്‍ പറയുന്നത് പ്രകാരം ഷെരീഫ് അടയ്ക്കാനുള്ള തുക 23.46 ലക്ഷമാണ്. ഷെയ്ഖിനോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഹോട്ടല്‍ സ്റ്റാഫിനോട് ഷെരീഫ് പറഞ്ഞിരുന്നു. യുഎഇലെ ജീവിതത്തെക്കുറിച്ചും രാജകുടുംബവുമായുള്ള ബന്ധവുമെല്ലാം വിശ്വാസ്യത നേടിയെടുക്കാന്‍ സ്റ്റാഫിനോട് വിവരിക്കുമായിരുന്നു ഷെരീഫ്.

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹോട്ടല്‍ തയാറായിട്ടില്ല. ആകെ ബില്ല് 35 ലക്ഷത്തോളമാണ്. ഹോട്ടലില്‍ തുടരുന്നതിനായി 11.5 ലക്ഷം രൂപ ഷെരീഫ് അടച്ചതായി പോലീസ് പറയുന്നു. ഇയാളുടെ ഐഡി കാര്‍ഡ് ഒറിജിനലാണെന്നും തോന്നുന്നില്ല. അബുദാബി രാജകുടുംബവുമായി ബന്ധവുമില്ല. ഇത്തരം കുറ്റക‍ൃത്യങ്ങളില്‍ ഷെരീഫ് നേരത്തെയും ഏര്‍പ്പെട്ടിട്ടുണ്ടൊ എന്ന് അന്വേഷിക്കും. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തില്‍ ഷെരീഫ് കുറച്ച് പണം അടയ്ക്കുകയും പിന്നീട് 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയുമായിരുന്നു.

എന്നാല്‍ അക്കൗണ്ടില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി. നവംബര്‍ 20-ാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷെരീഫ് ഹോട്ടല്‍ വിട്ടത്. ഇയാളുടെ യഥാര്‍ത്ഥ വിവരങ്ങളും ജോലിയുമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.