സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയുടെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. പലരാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകൾ കുതിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളൊക്കെ ഒരിടവേളയ്ക്കു ശേഷം കോവിഡ് പ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണ്. പുതിയ വകഭേദങ്ങളാണ് മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമായത്. ഇന്ത്യയിലും ജനുവരി പകുതിയോടെ കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് ഈ മാസമാദ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രണ്ടാഴ്ചയോളം നിർണായകമാണെന്നും വൈറസിന്റെ ജനിതകമാറ്റം പ്രവചനാതീതമായതിനാൽ തന്നെ വരുംകാലങ്ങളിലും കരുതിയിരിക്കണം എന്നുമാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. ഇപ്പോഴിതാ ലോകത്തെ വീണ്ടും കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കൽ, കോവിഡ് സംബന്ധമായ ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് ലോകാരോഗ്യസംഘടന പുതിയ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോവിഡിനെ തുരത്താൻ മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാസ്ക് ഉപയോഗം ഇനിയും തുടരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതുക്കിയ മാർഗനിർദേശത്തിലും വ്യക്തമാക്കുന്നത്. പ്രാദേശിക തലത്തിൽ രോഗവ്യാപനം ഇല്ലെങ്കിലും ആഗോളതലത്തിലെ വ്യാപനം കണക്കിലെടുത്ത് ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നു പറയുകയാണ് ലോകാരോഗ്യസംഘടന.
കോവിഡ് രോഗികൾ, കോവിഡ് ഉണ്ടെന്ന് സംശയിക്കുന്നവർ, കോവിഡ് അപകടസാധ്യതാ വിഭാഗത്തിൽ പെട്ടവർ, ആൾക്കൂട്ടങ്ങളിൽ, വായുസഞ്ചാരമില്ലാത്ത അടച്ചിട്ട ഇടങ്ങളിൽ ഇരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളെല്ലാം മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. ഒപ്പം നേരത്തേ പാലിച്ചിരുന്ന ചില നിർദേശങ്ങൾ കൂടി പിന്തുടരേണ്ടതുണ്ടെന്നും നിഷ്കർഷിക്കുന്നുണ്ട്. അപകടസാധ്യതാ ഘട്ടങ്ങൾ പരിശോധിച്ച് മാസ്ക് നിർദേശിക്കുന്ന രീതിയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വർധിക്കുക, വാക്സിനേഷന്റെ തോത്, സമൂഹത്തിലെ പ്രതിരോധശേഷി തുടങ്ങിയവ കണക്കിലെടുത്തായിരിക്കണം അത്.
കോവിഡ് രോഗികൾക്ക് നിർദേശിച്ചിട്ടുള്ള ഐസൊലേഷൻ കാലം കുറച്ചതും പ്രധാന നിർദേശങ്ങളിലൊന്നാണ്. കോവിഡ് രോഗികൾ ആന്റിജെൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയിക്കഴിഞ്ഞാൽ ഐസൊലേഷൻ അവസാനിപ്പിക്കാം എന്നതാണത്. ലക്ഷണങ്ങൾ ഉള്ള രോഗികൾ ടെസ്റ്റ് ചെയ്യാതെ തന്നെ, ലക്ഷണം ആരംഭിച്ച ആദ്യദിവസം തൊട്ട് പത്തുദിവസത്തോളം ഐസൊലേഷനിൽ ഇരിക്കണമെന്നതാണ് പുതിയ നിർദേശം. നേരത്തെ ലക്ഷണങ്ങൾ ആരംഭിച്ച് പത്തുദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകാമെന്നും ലക്ഷണങ്ങൾ ഭേദമായി മൂന്നുദിവസം കൂടി ഐസൊലേഷനിൽ ഇരിക്കണം എന്നുമായിരുന്നു നിർദേശമുണ്ടായിരുന്നത്.
കോവിഡ് പോസിറ്റീവാകുകയും എന്നാൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവർ അഞ്ചു ദിവസം ഐസൊലേഷനിൽ ഇരിക്കണമെന്നതാണ് നിർദേശം. നേരത്തേ ഇത് പത്തുദിവസം ആയിരുന്നു. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ കോവിഡ് രോഗികളെ ഐസൊലേഷനിൽ ആക്കുക എന്നത് പ്രധാനമാണെന്നും വീട്ടിലോ അല്ലെങ്കിൽ ആശുപത്രിയിലോ ഇത് തുടരാമെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
രോഗവ്യാപന സാഹചര്യത്തിൽ അടുത്തിടെയും മാസ്ക് ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യസംഘടന നിർദേശം പുറത്തിറക്കിയിരുന്നു. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. യൂറോപ്പിൽ XBB.1.5 വകഭേദം നിലവിൽ കുറവാണെങ്കിലും നിരക്കുകൾ കൂടിക്കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് ആണ് വ്യക്തമാക്കിയത്. അമേരിക്കയിൽ നിലവിലെ കോവിഡ് വ്യാപനത്തിന്റെ 27.6 ശതമാനവും XBB.1.5 വകഭേദം മൂലമാണെന്നാണ് റിപ്പോർട്ടുകൾ. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലും ബി.എഫ്.7, XBB.1.5 തുടങ്ങിയ വകഭേദങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജപ്പാനിൽ കോവിഡ് നിരക്കുകളും മരണനിരക്കുകളും റെക്കോഡ് നില ഭേദിച്ചും കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുദിവസം മാത്രം 523 കോവിഡ് മരണങ്ങളെന്ന റെക്കോഡ് സംഖ്യയിലേക്കാണ് ജപ്പാൻ എത്തിയിരിക്കുന്നത്. അതിനിടെ ചൈനയും ആരോപണങ്ങൾക്കൊടുവിൽ കോവിഡ് രോഗ-മരണ നിരക്കുകൾ പുറത്തുവിടുകയുണ്ടായി. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞദിവസം അധികൃതർ വ്യക്തമാക്കി. ഡിസംബർ എട്ടു മുതൽ ജനുവരി 12 വരെയുള്ള കണക്കുപ്രകാരമാണിത്. 2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച സീറോ കോവിഡ് നയം അടുത്തിടെയാണ് നീക്കം ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കണക്കുകൾ പ്രകാരം 114 പുതിയ കോവിഡ് കേസുകളോടെ 2119 ആക്റ്റീവ് കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി പതിമൂന്നിനെ അപേക്ഷിച്ച് നേരിയ കുറവും പ്രകടമാണ്, അന്ന് 2257 ആയിരുന്നു കോവിഡ് കേസുകൾ.
ലോകത്ത് റിപ്പോർട്ടുചെയ്ത ഒമിക്രോണിന്റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വിദേശരാജ്യങ്ങളിലേതുപോലെ രോഗവ്യാപനത്തിന് സാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുകയുണ്ടായി. രാജ്യത്ത് പരിശോധിക്കുന്ന കോവിഡ് സാംപിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി., ബി.എ.2.75, ബി.ജെ. ഒന്ന് തുടങ്ങിയ ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണുള്ളത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ തീവ്രതരംഗത്തിന് സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്. മുൻകാല തരംഗങ്ങളെ നേരിട്ടതിൽ അപേക്ഷിച്ച് ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ വലിയ മാറ്റമുണ്ടായതായി ഡല്‍ഹി എയിംസ് മുന്‍മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനിയൊരു കോവിഡ് തരംഗമുണ്ടായാല്‍ത്തന്നെ നേരിയ ലക്ഷണങ്ങളോടെയുള്ള രോഗബാധയാകാനാണ് സാധ്യതയെന്നും ആശുപത്രിക്കേസുകള്‍ വര്‍ധിക്കാനും മരണങ്ങള്‍ കൂടാനും സാധ്യതയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും വൈറസ് പ്രവചനാതീതമായതുകൊണ്ടു തന്നെ കോവിഡ് മാദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല