സ്വന്തം ലേഖകൻ: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. കാബിനറ്റ് റാങ്കോടെയായിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. എ.സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി.തോമസിന് നൽകുന്നത്.
കേന്ദ്രമന്ത്രിയായും എംപിയായും ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ചു പരിചയമുള്ള കെ.വി.തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്സണ്‍ ജോലികളാണു പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.
പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയടക്കമുള്ളവരോടുള്ള ബന്ധം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇതേ ജോലികൾക്കായി കേരളത്തിന്റെ രണ്ടു പ്രതിനിധികളായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണിയും ഡൽഹിയിലുണ്ട്. ഇവർക്കു പുറമേയാണു പുറമെയാണു കെ.വി തോമസിന്റെ നിയമനം.
പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെത്തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്.
കെ വി തോമസിനെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ കെ മുരളീധരന് എം പി പരിഹസിച്ചു. കെ വി തോമസിനു ശമ്പളവും കേരളാ ഹൗസില്‍ ഒരു മുറിയും കിട്ടുമെന്നു പരിഹസിച്ച മുരളീധരന് ഇത്തരം നക്കാപ്പിച്ച കണ്ടുപോകുന്നവര്ക്കു കോണ്‍ഗ്രസില്‍ ഇടമില്ലെന്നും പറഞ്ഞു.
പോകുന്നവരെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്ക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് മനസമാധാനം കിട്ടുമെങ്കില്‍ നല്ലത്. ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസില്‍ ഒരു മുറി കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാമെന്നും മുരളീധരന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല