സ്വന്തം ലേഖകൻ: യുഎഇയുമായുള്ള സൗഹൃദം ദൃഢപ്പെടുത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അബുദാബി സന്ദർശനം. മേഖലയുടെ ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് അബുദാബിയിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ അമീറും പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണിത്.
മേഖലയുടെ അഭിവൃദ്ധിയും സ്ഥിരതയും എന്ന പേരിൽ നടന്ന യോഗത്തിൽ ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും പങ്കെടുത്തു.രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം മേഖലയിലെ സ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു.
മേഖലയുടെ സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിന് നിലപാടുകളുടെ ഏകോപനവും സംയുക്ത പ്രവർത്തനവും അനിവാര്യമാണെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രക്ഷുബ്ധമായ ലോകത്ത് വികസനം കൈവരിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനും സഹകരണവും സാമ്പത്തിക പങ്കാളിത്തവും ശക്തമാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു. 5 അറബ് രാജ്യങ്ങളെ കൂടി സൗഹൃദ കൂട്ടായ്മയിൽ ബന്ധിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.
ഇന്നലെ രാവിലെ അബുദാബി പ്രസിഡൻഷ്യൽ ഫ്ലൈറ്റിലെത്തിയ അമീറിനെ യുഎഇ പ്രസിഡന്റ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല