സ്വന്തം ലേഖകൻ: തലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാളിനുനേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ, രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ ഡൽഹി എയിംസിനടുത്താണ് സംഭവം. കാറിൽ സ്ഥലത്തെത്തിയ സമൂഹവിരുദ്ധസംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) സ്വാതിയോട് അസഭ്യം പറഞ്ഞു. കാറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ചു പോയി.
അല്പസമയത്തിനുള്ളിൽ മടങ്ങിയെത്തി കാറിൽ കയറാൻ നിർബന്ധിച്ചു. ഡ്രൈവറുടെ സൈഡ് വിൻഡോയ്ക്കു സമീപംചെന്ന് സ്വാതി കൈചൂണ്ടി കയർക്കുന്നതിനിടെ പ്രതി കാറിന്റെ ചില്ലുയർത്തി സ്വാതിയുടെ കൈ ചില്ലിനിടയിൽ കുടുക്കി. തുടർന്ന് കാർ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹരീഷ് ചന്ദ്രയെ അരമണിക്കൂറിനകം അറസ്റ്റ് ചെയ്തതായി തെക്കൻ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ചന്ദൻ ചൗധരി പറഞ്ഞു.
അതിനിടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്കെതിരെ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നതിന് പകരം അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണന്ന് കെജ്രിവാള് ആരോപിച്ചു. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല