സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം സമാപിച്ച ഖത്തര്‍ ലോകകപ്പ് പല കാര്യങ്ങളിലെന്ന പോലെ കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ചതായി കണക്കുകള്‍. ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ ലോകത്താകമാനം കണ്ടത് 500 കോടി ആരാധകര്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരം മാത്രം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 150 കോടി പേര് കണ്ടതായും കണക്കുകള്‍ വ്യക്തമാക്കി. ഫിഫ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട ടൂര്‍ണമെന്റെന്ന പെരുമയാണ് ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയിരിക്കുന്നത്.
88966 പേര് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് ആസ്വദിച്ച കലാശപ്പോര് ടിവിയിലൂടെ 150 കോടി ആരാധകര്‍ തത്സമയം കണ്ടു. ലോകകപ്പ് ഫൈനലിന് സാക്ഷികളായ ഗാലറിയിലെ ആരാധകരുടെ എണ്ണത്തില്‍ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ രണ്ടാമതുണ്ട്. ഇക്കാര്യത്തില്‍ 1994 ലെ ബ്രസീല്‍- ഇറ്റലി ഫൈനലാണ് മുന്നില്‍. അന്ന് അമേരിക്കയിലെ പസദേന റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടന്ന ആ മല്‍സരത്തില്‍ 94,194 പേരായിരുന്നു കാണികളായി എത്തിയത്. വിവിധ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ക്രീനുകളിലുമായി ആകെ 500 കോടി പേര് ലോകകപ്പ് കണ്ടതായി കണക്കുകള്‍ പറയുന്നു.
നീല്സെന് റിപ്പോര്‍ട്ട് പ്രകാരം 93.6 മില്യണ്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളാണ് ലോകകപ്പുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന്റെ റീച്ച് 262 ബില്യണ്‍ അഥവാ 26200 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംഘാടനത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് കയ്യടി നേടിയ ഖത്തര്‍ ലോകകപ്പ് കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ഡിസംബര്‍ 18-ന്, 88,966 കാണികള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞു.
ലോകമെമ്പാടുമുള്ള 1.5 ബില്യണിനടുത്ത് ആളുകള്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഉദ്വേഗജനകമായ ഫൈനല്‍ കണ്ടു. ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ സ്റ്റേഡിയങ്ങളില്‍ നിന്ന് 3.4 ദശലക്ഷം കാണികള്‍ ആസ്വദിച്ചു. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഇത് മൂന്ന് ദശലക്ഷമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ റെക്കോഡ് സ്റ്റേഡിയം കാണികളാണ് ഖത്തറിലെത്തിയത്. 172 ഗോളുകളുമായി ഖത്തര്‍ 2022 ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന ഫിഫ ലോകകപ്പ് ആയി മാറിയിരുന്നു. 1998 ലും 2014 ലും നേടിയ 171 ഗോളുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല