സ്വന്തം ലേഖകൻ: യുകെയിൽ പഠനത്തിനായി എത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാന്റെ പദ്ധതിയിൽ എതിർപ്പ് രൂക്ഷമാകുന്നു. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവർമാന്റെ പദ്ധതി.
പദ്ധതി യുകെ യൂണിവേഴ്സിറ്റികളെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണ് സുവല്ല ബ്രാവർമാന്റെ നീക്കം. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, ആശ്രിത വീസക്ക് നിയന്ത്രണം തുടങ്ങിയ നടപടികളാണ് യുകെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ബിരുദം നേടിയ ശേഷം പഠന വീസയിൽ യുകെയിൽ എത്തുന്നവർക്ക് തുടർപഠനത്തിനു ശേഷം രണ്ടുവർഷംകൂടി യുകെയിൽ തുടരാൻ അവസരമുണ്ട്.
വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾ രണ്ടുവർഷം ജോലി ചെയ്ത് സമ്പാദിക്കാം എന്നതാണ് യുകെ പഠനത്തിന്റെ നിലവിലുള്ള പ്രധാന ആകർഷണീയത. ഇത് ആറു മാസമായി കുറക്കാനാണ് നീക്കം നടക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് പിഎച്ച്ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ പഠനത്തിനായി ചേർന്നെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് പദ്ധതിയിലെ മറ്റൊരു തീരുമാനം.
ഇത്തരം തീരുമാനങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ പഠന വീസ പരിഷ്കരിക്കാൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതു നടപ്പായാൽ വിദ്യാർഥികൾക്ക് വൈദഗ്ധ്യമുള്ള ജോലി സമ്പാദിച്ച് തൊഴിൽ വീസ നേടുകയോ അല്ലെങ്കിൽ ആറുമാസത്തിനുശേഷം യുകെ വിടുകയോ ചെയ്യേണ്ടിവരും. വിദേശ വിദ്യാർഥികൾക്ക് യുകെയോടുള്ള ആകർഷണീയത കുറയുമെന്ന ഭയത്താൽ യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട്.
യുകെയിലെ അത്ര പ്രശസ്തമല്ലാത്ത യൂണിവേഴ്സിറ്റികളിലെ ഹ്രസ്വ കോഴ്സുകളിൽ ചേരുന്ന വിദേശ വിദ്യാർഥികൾ പഠന വീസ ദുരുപയോഗപ്പെടുത്തുന്നതായി ബ്രാവർമാന്റെ നീക്കത്തെ പിന്തുണക്കുന്ന ഗവണ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. ഈ അവസരം അനധികൃത എമിഗ്രേഷൻ റൂട്ടായി ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം വിദേശ വിദ്യാർഥികളിൽ ഇന്ത്യക്കാർ ചൈനയെ പിന്തള്ളിയിരുന്നു. യുകെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല