സ്വന്തം ലേഖകൻ: ഒഡിഷയെ ഞെട്ടിച്ച് ആരോഗ്യ മന്ത്രിയുടെ കൊലപാതകം; തൊട്ടടുത്ത് നിന്ന് നിറയൊഴിച്ചത് എ.എസ്.ഐ.
ഝർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗർ ഗാന്ധിചൗക്കിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാർ തുറന്ന് പുറത്തുവരവേ, സമീപത്തുനിന്ന എ.എസ്.ഐ. ഗോപാൽ ദാസാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്.
ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ഉടൻ എയർ ആംബുലൻസിൽ ഭുവനേശ്വറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിക്കുകയായിരുന്നു. ഗോപാൽ ദാസിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. അക്രമിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് കരുതുന്നു. രണ്ടുതവണ വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. വെടിയുണ്ട ശരീരം തുളച്ച് കടന്നുപോയി. നെഞ്ചിലും ശ്വാസകോശത്തിലുമാണ് വെടിയേറ്റത്.
കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ പ്രതിരോധപ്രവർത്തനം നടത്തിയ ആരോഗ്യമന്ത്രിയായിരുന്നു കൊല്ലപ്പെട്ട നബ കിഷോർ ദാസ്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് 2019ലാണ് കിഷോർ ദാസ് ബി.ജെ.ഡിയിൽ എത്തുന്നത്. മന്ത്രിസഭയിലെ അതിസമ്പന്നരിലൊരാളും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമാണ് ഇദ്ദേഹം.
കൽക്കരി ഖനികളുടെ കേന്ദ്രമായ ഝർസഗുഡയിൽ മന്ത്രിക്ക് വ്യാപാരതാത്പര്യങ്ങളുള്ളതായി നേരത്തേ ആരോപണങ്ങൾ ഉണ്ടായിരുന്നു. അതെസമയം ഒഡീഷയിൽ മാസ് കോവിഡ് വാക്സിൻ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് ഏറെ പ്രശംസകൾ നേടിയ മന്ത്രി കൂടിയാണ് നബ കിഷോർ ദാസ്.
ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവ് കൂടിയായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019ൽ കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.ഡിയിൽ ചേരുകയായിരുന്നു. ഝർസുഗുഡ മണ്ഡലത്തിൽനിന്ന് 2009, 2014 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിലാണ് ജയിച്ചത്. 2019-ൽ ബി.ജെ.ഡി.യിലേക്കു മാറി. ഒഡിഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ദാസിന്റെ രാജി വാർത്തകളിൽ ഏറെ ഇടംനേടിയിരുന്നു.
2019ൽ ആരോഗ്യവകുപ്പ് മന്ത്രിയായി അധികാരമേറിയ അദ്ദേഹം ഒഡിഷ മന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ മന്ത്രികൂടിയാണ്. കാറുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി 70ഓളം കാറുകളാണ് ഉണ്ടായിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വ്യവസായി കൂടിയായ മന്ത്രിയ്ക്ക് സ്വന്തമായി ഹോട്ടൽ ശൃംഖലകളും ട്രാൻസ്പോർട്ട് ബിസിനസും ഉണ്ട്. കഴിഞ്ഞ വർഷം സർക്കാരിന് സമർപ്പിച്ച രേഖകൾ പ്രകാരം 34 കോടിയുടെ ആസ്തി ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 1.14 കോടിയുടെ ബെൻസ് ഉൾപ്പെടെ 15 കോടിയോളം രൂപ വിലമതിക്കുന്ന 70 ഓളം കാറുകളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 1.75 ലക്ഷം രൂപയുടെ ഡബിൾ ബാരൽ ഗൺ, 1.25 ലക്ഷം വിലവരുന്ന റൈഫിൾ, 55,000 വിലവരുന്ന റിവോൾവർ ഉൾപ്പെടെ മൂന്ന് ആയുധങ്ങളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഭുവനേശ്വർ, ഡൽഹി, കൊൽക്കത്ത, ഒഡീഷയിൽ തുടങ്ങിയ വിവധയിടങ്ങളിലായി നിരവധി ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മകനാണ് കുടുംബ ബിസിനസ് നോക്കി നടത്തുന്നത്. ദാസിന്റെ രാഷ്ട്രീയകാര്യങ്ങൾ നോക്കിയിരുന്നത് മകൾ ദിപാലി ദാസ് ആയിരുന്നു. ഈ അടുത്തായി, ഇദ്ദേഹം ഒരുകോടിയിലേറെ വിലമതിക്കുന്ന 1.75 കിലോ സ്വർണം കൊണ്ട് നിർമ്മിച്ച പാത്രം മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിന് നൽകിയത് വാർത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല