സ്വന്തം ലേഖകൻ: ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി സംഗീത സംവിധായകൻ റിക്കി കെജിന്റെ പുരസ്കാര നേട്ടം. ബെംഗളൂരുവിൽ നിന്നുള്ള സംഗീതസംവിധായകനായ റിക്കിയുടെ ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനു മികച്ച ഇമർസിവ് സംഗീതത്തിനുള്ള പുരസ്കരമാണു ലഭിച്ചത്. ഗ്രാമി വേദിയിൽ ഇത് മൂന്നാം തവണയാണ് റിക്കി കെജ് ഇന്ത്യയുടെ അഭിമാനമാവുന്നത്. 2015 ലും 2022 ലും റിക്കി കെജിന് ഗ്രാമി ലഭിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ നേട്ടത്തിന്റെ കൊടുമുടി കയറുന്നത്.
9 മ്യൂസിക് വിഡിയോകളും 8 പാട്ടുകളും ചേർന്ന സംഗീത ആൽബമാണ് ‘ഡിവൈൻ ടൈഡസ്’. ലോകത്തിലെ പ്രകൃതി സൗന്ദര്യത്തിന്റെ അപൂർവ ദൃശ്യങ്ങളും പ്രകൃതിയോടുള്ള ആരാധനയും വിളിച്ചോതുന്ന ആൽബമാണിത്. പ്രകൃതിയോടുള്ള ഭക്തിയും പ്രകൃതി നശിക്കുന്നതിലുള്ള ദുഃഖവും അദ്ദേഹം സംഗീതത്തിലൂടെ അറിയിക്കുന്നു. കാണുന്നവരെയും കേൾക്കുന്നവരെയും ഭൂമിയുടെ അദ്ഭുതങ്ങളിലേക്കു കൂട്ടി കൊണ്ടു പോകുന്ന ഈ ആൽബത്തെ തന്റെ ഏറ്റവും വിജയകരമായ ആൽബം എന്നാണ് റിക്കി കെജ് വിശേഷിപ്പിച്ചത്. 2015 ൽ അദ്ദേഹത്തിനു ഗ്രാമി നേടി കൊടുത്ത വിൻഡ്സ് ഓഫ് സംസാരയും സമാനമായ വിഷയത്തെ കുറിച്ചാണു പറയുന്നത്.
ഗ്രാമിയിലെ മൂന്നാം പുരസ്കാരം രാജ്യത്തിനു വേണ്ടി സമർപ്പിക്കുന്നുവെന്ന് റിക്കി കെജ് പറഞ്ഞു. വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷമുണ്ടെന്നും ചുറ്റുമുള്ള എല്ലാവരോടും കടപ്പാടും സ്നേഹവും അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം ഗ്രാമി വേദിയിൽ വച്ച് റിക്കി ‘നമസ്തേ’ പറഞ്ഞു പ്രസംഗം തുടങ്ങിയത് ഏറെ ചർച്ചയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല