സ്വന്തം ലേഖകൻ: അദ്നാന്‍ മുഹമ്മദ് കൊര്‍ക്കുട്ട് വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് എല്ലാം തകര്‍ത്തെറിഞ്ഞ് ഭൂകമ്പം എത്തിയത്. 17- കാരനായ അദ്‌നാന്‍ പിന്നെ നാലുദിവസത്തിലേറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അനങ്ങാനാകാതെ കിടന്നു. 94 മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോട് ആശുപത്രിയിലെത്തിച്ചു. അതിനിടെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടപ്പാടുകള്‍.
ദാഹം സഹിക്കവയ്യാതെ സ്വന്തം മൂത്രം കുടിച്ചെന്ന് അദ്നാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ അകലെ കാണുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ തന്റെ ശബ്ദം കേള്‍ക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ക്ഷീണംകാരണം ഉറങ്ങിപ്പോകുമോ എന്ന പേടികാരണം ഓരോ 25 മിനിറ്റ് കൂടുമ്പോഴും ഫോണില്‍ അലാറം വെക്കും. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബാറ്ററി തീര്‍ന്ന് ഫോണ്‍ നിശ്ചലമായി.
രക്ഷാപ്രവര്‍ത്തനത്തിനിടെ എല്ലാം തകര്‍ന്നുവീഴുമെന്ന് തോന്നി. പക്ഷേ, സുരക്ഷിതനായി ആശുപത്രിയിലെത്തി. ‘രക്ഷിക്കാനെത്തിയവര്‍ക്ക് നന്ദി’-ആശുപത്രിക്കിടക്കയില്‍നിന്ന് അദ്നാന്‍ പറഞ്ഞു.
തുര്‍ക്കിയിലും സിറിയയിലും കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ശനിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ശനിയാഴ്ചയോടെ ദുരന്തമേഖലകളില്‍ അന്താരാഷ്ട്രസഹായം എത്തിത്തുടങ്ങി. അതേസമയം, ശീതക്കാറ്റും മഞ്ഞുവീഴ്ചയും ശക്തമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭൂകമ്പം, സിറിയയില്‍മാത്രം 53 ലക്ഷം ആളുകളെ ഭവനരഹിതരാക്കിയെന്ന് യുഎൻ റിപ്പോര്‍ട്ടുചെയ്തു. എട്ടരലക്ഷത്തോളം ആളുകളാണ് ഇരുരാജ്യങ്ങളിലുമായി ഭക്ഷണവും അഭയകേന്ദ്രവുമില്ലാതെ കൊടുംതണുപ്പില്‍ കഴിയുന്നത്.
”ഇനി ഞാന്‍ എങ്ങോട്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല” -കുന്നുകൂടികിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കും മൃതദേഹങ്ങള്‍ക്കും മുന്നില്‍നിന്ന് ഇതുപറയുമ്പോള്‍ വയോധികയായ ഫിദാന്‍ തുരാന്‍ വിതുമ്പി.
അവരുടെ ബന്ധുക്കളായ അറുപതിലേറെ ആളുകള്‍ ഭൂകമ്പത്തില്‍ മരിച്ചു. ഭൂകമ്പത്തെ അതിജീവിച്ചവരില്‍ മിക്കവരുടെയും അവസ്ഥ ഇതാണ്, ഭാവിയെക്കുറിച്ചുള്ള ഭയം.
ഭക്ഷ്യവിതരണത്തിനായി 7.7 കോടി ഡോളര്‍ സഹായം അടിയന്തരമായി നല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യപദ്ധതിയായ യുഎൻഡബ്ല്യു.എഫ്.പി. ശ്രമം തുടങ്ങി. സിറിയയിലെ വിമതസ്വാധീനമേഖലയിലെ പോരാട്ടം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി തുര്‍ക്കി ഭീകരസംഘടനയായി കണക്കാക്കുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പറഞ്ഞു.
സിറിയയിലെ ആഭ്യന്തരയുദ്ധം അതിര്‍ത്തിവഴിയുള്ള അന്താരാഷ്ട്രസഹായം തടസ്സപ്പെടുത്തുന്നതിനാല്‍ എല്ലാവരും മനുഷ്യത്വത്തിനുവേണ്ടി ഒരുമിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിരുന്നു. പത്തുവര്‍ഷത്തോളമായി സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധം ആശുപത്രി ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ത്തിരുന്നു. ഇതിനിടെയാണ് സിറിയന്‍ ജനതയ്ക്ക് ഭൂകമ്പത്തിന്റെ പ്രഹരമേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല