സ്വന്തം ലേഖകൻ: തുർക്കിയിലെ അതിശക്തമായ ഭൂകമ്പത്തിൽ ആശുപത്രി കുലുങ്ങിയപ്പോൾ നവജാത ശിശു പരിചരണ വിഭാഗത്തിലെ നഴ്സുമാർ സ്വന്തം ജീവൻ രക്ഷിക്കാനല്ല ആദ്യം ഓടിയത്. തങ്ങൾ പരിചരിക്കുന്ന കുഞ്ഞുങ്ങൾ താഴെ വീഴാതെ രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ പരിചരണ വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
കുഞ്ഞുങ്ങളെ കിടത്തിയ യൂനിറ്റുകൾ ഇളകി വീഴാതിരിക്കാൻ നഴ്സുമാർ ചേർത്തു പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഡെവ്ലെറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നിവരാണ് ഈ മാലാഖമാർ. ഗാസിയാൻടെപ്പിലെ ആശുപത്രിയിലെ സിസിടിവി കാമറ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വിഡിയോയിൽ ഭൂകമ്പം തുടങ്ങുമ്പോൾ തന്നെ നഴ്സുമാർ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ഭൂകമ്പത്തിൽ കുലുങ്ങുന്ന ബേബി ഇൻകുബേറ്ററുകൾ താഴെ വീഴാതെ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുർക്കി രാഷ്ട്രീയക്കാരിയായ ഫാത്മ സാഹിൻ തന്റെ ട്വിറ്ററിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.
തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നിരുന്നു. 28,000ഓളം പേരാണ് ഭൂകമ്പത്തിൽ ഇതുവരെ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല