സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ ഏയ്റോ പ്രദർശനമായ ഏയ്റോ ഇന്ത്യ 2023ന് ബെംഗളൂരുവിൽ തുടക്കം. പോർ, സിവിലയൻ, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് ഏയ്റോ ഇന്ത്യ പ്രദർശനം യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 5 ദിവസം നീളുന്ന ആകാശപ്രകടനം 17നു സമാപിക്കും.
‘‘രാജ്യത്തിന്റെ പുതുശക്തിയും അഭിലാഷവുമാണ് ഏയ്റോ ഇന്ത്യയിൽ പ്രതിഫലിക്കുന്നത്. തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം, വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് എന്നിവ ഇന്ത്യയുടെ കരുത്തിന്റെയും സാധ്യതയുടെയും തെളിവാണ്. പ്രദര്‍ശനത്തിനപ്പുറം ഇവിടെ ഇന്ത്യയുടെ കരുത്താണു വിളിച്ചോതുന്നത്. പുതിയ ഇന്ത്യ കഠിനാധ്വാനം ചെയ്യും, അവസരങ്ങൾ നഷ്ടമാക്കില്ല. ‘മെയ്ക്ക് ഇൻ ഇന്ത്യ’ നയപ്രകാരം, രാജ്യാന്തര കമ്പനികളോട് സാങ്കേതികത കൈമാറാനോ ഇവിടെ നിർമിക്കാനോ ആവശ്യപ്പെടുന്നുണ്ട്’’– മോദി പറഞ്ഞു.
ഇന്ത്യൻ പോർവിമാനങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും വ്യോമാഭ്യാസം നടത്തും. ഏയ്റോ ഇന്ത്യ പ്രദർശനത്തിന് റജിസ്റ്റർ ചെയ്തിരിക്കുന്ന 809 കമ്പനികളിൽ 110 എണ്ണം വിദേശരാജ്യങ്ങളിൽ നിന്നാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും (ഡിആർഡിഒ) സംയുക്തമായാണ് പ്രദർശനം നടത്തുന്നത്. 1996ലാണ് ഏയ്റോ ഇന്ത്യ പ്രദർശനത്തിന് ആദ്യമായി ബെംഗളൂരു ആദ്യമായി വേദിയായത്. വിവിധ കരാറുകളിലൂടെ 75,000 കോടി രൂപയുടെ നിക്ഷേം നടക്കുമെന്നാണു പ്രതീക്ഷ.
വ്യോമസേനയുടെ ഏയ്റോബാറ്റിക് ടീം സൂര്യ കിരൺ, സാരംഗ് ഹോലികോപ്റ്ററുകൾ, ലഘുയുദ്ധ വിമാനങ്ങളായ റഫാൽ, തേജസ്, സു–30, മിഗ്, ജാഗ്വർ, മിറാഷ്, ഹോക്ക്, എച്ച്ടിടി–40, കിരൺ വിമാനങ്ങളാണ് ഇന്ത്യയുടെ കരുത്ത് തെളിയിക്കുക. 3 വിഭാഗത്തിലായാണ് ടിക്കറ്റുകൾ നൽകുന്നത്. എയർ ഡിസ്പ്ലേ വ്യൂവിങ് ഏരിയയിൽ പ്രവേശിക്കാൻ 1,000 രൂപയും പ്രദർശനവും വ്യോമാഭ്യാസവും കാണാൻ 2,500 രൂപയും ബിസിനസ് വിസിറ്ററിന് 5,000 രൂപയുമാണ് നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല