1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2023

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഫ്രാൻസല്ല. ഇന്ത്യയാണ് ഫ്രാൻസിനെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വൈനുകളുടെ നാടായ ഫ്രാൻസാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്‌കോച്ച് കുടിച്ച് തീർത്തിരുന്നത്. എന്നാൽ 2022 ലെ കണക്കുകൾ പ്രകാരം 219 മില്യൺ ബോട്ടിൽ സ്‌കോച്ചാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. ഫ്രാൻസാകട്ടെ 205 മില്യൺ ബോട്ടിലുകൾ മാത്രമേ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തിട്ടുള്ളു.

സ്‌കോച്ച് വിസ്‌കി അസോസിയേഷന്റെ നിരീക്ഷണം പ്രകാരം, ഇന്ത്യയുടെ വിസ്‌കി മാർക്കറ്റിൽ രണ്ട് ശതമാനം മാത്രമാണ് സ്‌കോച്ച് വിസ്‌കിയുടെ സ്ഥാനം. മുൻ വർഷത്തെ അപേക്ഷിച്ച് സ്‌കോച്ച് വിസ്‌കി ഇറക്കുമതിയുടെ കാര്യത്തിൽ കഴിഞ്ഞ വർഷം 60 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഓരോ സ്‌കോച്ച് കുപ്പിക്കും 150-195 ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നിട്ടും വിപണി കുത്തനെ വർധിച്ചതായാണ് കാണപ്പെടുന്നത്. നിലവിൽ ഇന്ത്യ-യുകെ വ്യാപാര ചർച്ചയിൽ സ്‌കോച്ച് വിസ്‌കിയുടെ ഡ്യൂട്ടി കുറയ്ക്കുന്നത് സംബന്ധിച്ച കാര്യവും ചർച്ചയാകും. ഇത് പ്രാബല്യത്തിൽ വന്നാൽ സ്‌കോച്ച് വിസ്‌കിയുടെ കസ്റ്റംസ് തീരുവ 100 ശതമാനത്തിലേക്ക് താഴാൻ സാധ്യതയുണ്ട്. ഇതോടെ കുറഞ്ഞ വിലയ്ക്ക് സ്‌കോച്ച് വിസ്‌കി ഇന്ത്യയിൽ ലഭ്യമാകും. ഇത് വീണ്ടും ഈ മദ്യത്തിന്റെ വിപണി ഉയർത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കോവിഡ് പിടി മുറുക്കിയ വർഷങ്ങളിൽ പോലും ഇന്ത്യയിലെ സ്‌കോച്ച് വിസ്‌കി പ്രിയം ഉച്ഛസ്ഥായിലായിരുന്നു. 2019 ൽ 131 മില്യൺ ബോട്ടിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ സ്‌കോച്ച് വിസ്‌കി വിപണിയിൽ 200 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയാണ് സ്‌കോച്ച് വിസ്‌കിയുടെ പ്രധാന വിപണികേന്ദ്രമെങ്കിലും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല, സ്‌കോച്ചിന്റെ വ്യാപ്തി. 2022 ൽ യൂറോപ്പിനെ കടത്തിവെട്ടി വിസ്‌കി വിപണിയിൽ ഏഷ്യ ഒന്നാമതെത്തിയിരുന്നു. ഏഷ്യൻ രാജ്യങ്ങളായ തായ്വാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലും ഇരട്ടി ഇറക്കുമതിയാണ് സ്‌കോച്ചിന്റെ കാര്യത്തിൽ നടന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.