സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി നിരവധി വൻ മാറ്റങ്ങളാണ് വാട്സാപ് കൊണ്ടുവന്നത്. സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പിൽ ഉടൻ വരാൻ പോകുന്നത്. ഇത് മെസേജിങ്ങിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്.
ചില ബീറ്റാ ടെസ്റ്റർമാർക്ക് ഒരേസമയം 100 ചിത്രങ്ങൾ അയയ്ക്കാനുള്ള ഫീച്ചർ ലഭിച്ചു കഴിഞ്ഞു. ഈ 100 ഫോട്ടോകളും അവയുടെ യഥാർഥ ഗുണനിലവാരം നിലനിർത്തുന്നതിനായുള്ള ഫീച്ചറുമായാണ് വാട്സാപ്പിന്റെ അടുത്ത പതിപ്പ് വരുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകൾ വരുമെന്നാണ് കരുതുന്നത്. ഇതേ സംവിധാനം ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ലഭിച്ചേക്കും.
സ്‌പെയ്‌സും ബാൻഡ്‌വിഡ്‌ത്തും ലാഭിക്കാൻ ചാറ്റുകളിൽ അയയ്‌ക്കുന്ന ചിത്രങ്ങൾ നിലവിൽ വാട്സാപ് കംപ്രസ് ചെയ്യുന്നുണ്ട്. ഇതിനാൽ ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നു. ഇതോടെ ഫോട്ടോകളുടെ യഥാർഥ ഗുണനിലവാരം നിലനിർത്താൻ ചില ഉപയോക്താക്കൾ ഡോക്യുമെന്റ് ഫോർമാറ്റിൽ ചിത്രങ്ങൾ അയയ്‌ക്കാറുണ്ട്. എന്നാല്‍ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ ഫോട്ടോകളുടെ പ്രിവ്യൂ കാണാൻ കഴിയില്ല.
ഒറ്റയടിക്ക് നിരവധി ഫയലുകൾ അയക്കാൻ സധിക്കുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കൂ. എന്നാൽ മിക്കവർക്കും ഇതിൽ കൂടുതൽ ഫയലുകൾ അയക്കേണ്ടിവരും.
ഇത്തരം സാഹചര്യങ്ങളിൽ 100 ഫയലുകൾ വരെ ഒന്നിച്ച് അയക്കാൻ സാധിക്കും. പ്രധാനപ്പെട്ട എല്ലാ ആൽബങ്ങളും അതിൽ കൂടുതൽ ഫയലുകളും ഒറ്റയടിക്ക് അയയ്ക്കാൻ ഇത് സഹായിക്കും. അബദ്ധത്തിൽ ഒരേ ഫയലുകൾ ഒന്നിലധികം തവണ അയയ്ക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല