സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്.
അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ ‘സര്‍വേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്കുന്ന വിശദീകരണം. റെയ്ഡിനിടെ ചില രേഖകള്‍ പിടിച്ചെടുത്തു. ജേര്‍ണലിസ്റ്റുകളുടെ ലാപ്ടോപുകളും ഫോണുകളും ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയി. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഓഫീസുകള്‍ സീല്‍ ചെയ്തു. എന്നാല്‍ റെയ്ഡല്ല സര്‍വെയാണ് നടത്തുന്നതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ മടക്കി നല്‍കുമെന്നും അവര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഓഫീസിലെ റെയ്ഡില്‍ 20 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോള്‍ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ബിബിസിയുടെ ഡല്‍ഹി,മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസിയെ ‘ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്പ്പറേഷന്’ എന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിശേഷിപ്പിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കില്‍ റെയ്ഡിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ തങ്ങളുടെ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ പ്രതികരണവുമായി ബി.ബി.സി അധികൃതർ. ‘‘ആദായനികുതി ഉദ്യോഗസ്ഥർ നിലവിൽ ന്യൂഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫിസുകളിലുണ്ട്. ഞങ്ങൾ പൂർണമായി സഹകരിക്കുന്നു. ഈ സാഹചര്യം എത്രയും വേഗം മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’, എന്നിങ്ങനെയായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല