സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേല്‍നോട്ടവും ഇനി മുതല്‍ വിദേശികള്‍ക്ക് അന്യം. അവ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്താന്‍ സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികള്‍ക്ക് സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി.
ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ആര്‍ട്ടിക്കിള്‍ രണ്ടില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ക്കാണ് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതു പ്രകാരം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും മേല്‍നോട്ട ചുമതലയും സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. മെഡിക്കല്‍ കോംപ്ലക്സുകള്‍, ലബോറട്ടറികള്‍, റേഡിയോളജി സെന്ററുകള്‍, ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, എന്നിവയുള്‍പ്പെടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ ചട്ടം ബാധമകായിരിക്കും.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ സ്വന്തമാക്കാനും നിയന്ത്രിക്കാനും സൗദി ഡോക്ടര്‍ക്ക് മാത്രമേ കഴിയൂ എന്ന് നിയമ ഭേദഗതി അനുശാസിക്കുന്നുണ്ട്. എന്നു മാത്രമല്ല, സൗദി ഡോക്ടര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രത്യേക ക്ലിനിക്കല്‍ മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്ത ആയിരിക്കണം എന്നു കൂടി വ്യവസ്ഥയുണ്ട്. പേരിനു മാത്രം ഉമടസ്ഥനും മേല്‍നോട്ടക്കാരനുമായി സ്വദേശി ഉണ്ടായാല്‍ പോരെന്നും സ്ഥാപനത്തിന്റെ മുഴുവന്‍ സമയ മാനേജ്‌മെന്റും മേല്‍നോട്ടവും അദ്ദേഹത്തിന്റെ ചുമതല ആയിരിക്കുമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
സൗദിയില്‍ ഒരു ആരോഗ്യ സ്ഥാപനം സ്വന്തമാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് നിബന്ധനകള്‍ വേണമെന്നാണ് ഭേദഗതി ചെയ്ത നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒന്നാമതായി, ഉടമ ഒരു സൗദി പൗരനായിരിക്കണം. രണ്ടാമതായി, അവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട മേഖലയില്‍ അതിന്റെ ഉടമയോ പങ്കാളികളിലൊരാളോ എന്ന നിലയില്‍ വിദഗ്ധനായ ഒരു ഡോക്ടറോ പ്രൊഫഷണലോ ആയിരിക്കണം.
മൂന്നാമതായി, സ്ഥാപനത്തിലെ മുഴുവന്‍ സമയ ജോലിയില്‍ ഉടമ ഏര്‍പ്പെട്ടിരിക്കണം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പല സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെയും തലപ്പത്തു നിന്ന് പ്രവാസികള്‍ പടിയിറങ്ങേണ്ടിവരും. എന്നു മാത്രമല്ല, പൂര്‍ണമായും പ്രവാസികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വര്‍ക്കിംഗ് പാര്‍ട്ണറായി സ്വദേശിയെ നിയമിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ബാധ്യസ്ഥമാവുകയും ചെയ്യും.
എന്നാല്‍ അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും അവയുടെ ബ്രാഞ്ചുകള്‍ക്കും ഈ നിയമത്തില്‍ ഇളവ് നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, വിദേശ നിക്ഷേപ കമ്പനികള്‍ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാകില്ല.
വിവിധ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം നിബന്ധനകള്‍ നിയമഭേഗതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ചട്ടങ്ങളില്‍ ഏതെങ്കിലും ഒന്ന് നിറവേറ്റാന്‍ സാധിക്കാതെ വന്നാല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി ഒരു വിദേശിയെ സൂപ്പര്‍വൈസറായി നിയമിക്കാന്‍ അനുവാദമുണ്ടായിരിക്കുമെന്നും നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല