സ്വന്തം ലേഖകൻ: ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ എയർ ബസുമായും അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നും വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. 220 എയര്‍ബസുകളും 250 ബോയിംഗ് വിമാനങ്ങളുമാണ് വാങ്ങുക.85 ബില്യൺ ഡോളറിന്റേതാണ് കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ പ്രഖ്യാപിച്ചത്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണ് ഈ കരാർ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത്. ബോയിംഗിൽ നിന്ന് 200-ലധികം വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും അഭിനന്ദിച്ചു. ബോയിങ്ങുമായുള്ള ഇടപാട് ചരിത്രപരമെന്നായിരുന്നു ബൈഡൻ വിശേഷിപ്പിച്ചത്. ഇടപാട് അമേരിക്കയിൽ 10 ലക്ഷ്യം തൊഴിൽ ലഭ്യമാക്കുമെന്നും ബൈഡൻ പറഞ്ഞു.
എയർ ഇന്ത്യ ബോയിങ്ങിൽ നിന്ന് 34 ബില്യൺ ഡോളറിനാണ് 220 വിമാനങ്ങൾ വാങ്ങുക. 70 വിമാനങ്ങൾ കൂടി വാങ്ങാനുള്ള സാധ്യത ഉണ്ട്. 45.9 ബില്യൺ ഡോളറിന്റെ ഇടപാടായിരിക്കും ഇത്. എയർബസുമായുള്ള കരാർ പ്രകാരം 40 വൈഡ് ബോഡി എ350 വിമാനങ്ങളും 210 നാരോ ബോഡി വിമാനങ്ങളുമാണ് ടാറ്റ ഗ്രൂപ്പ് വാങ്ങുക.140 എ 320 വിമാനങ്ങളും 70 എ 321 നിയോ വിമാനങ്ങളും ഉൾപ്പെടുന്നതാണ് നാരോ ബോഡി വിമാനങ്ങൾ. വൈഡ് ബോഡി എയർക്രാഫ്റ്റ് അൾട്രാ ലോംഗ് ഫ്ലൈറ്റുകൾക്കായാണ് ഉപയോഗിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല