1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2023

സ്വന്തം ലേഖകൻ: ഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു വേണ്ടി ശിവശങ്കര്‍ ഹാജരായിരുന്നു. രണ്ടാം ദിവസവും തുടര്‍ന്ന ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റു നടപടികളിലേക്ക് ഇ.ഡി കടക്കുകയായിരുന്നു. കേസില്‍ എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്.

യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. പി.എസ് സരിത്തും സ്വപ്‌ന സുരേഷും മൂന്നും നാലും പ്രതികളാണ്. സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ചേഴ്‌സ് എന്ന സ്ഥാപനം, പി എസ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, യദൃ കൃഷ്ണന്‍, എം ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് ഷൗക്രി എന്നിവരാണ് കേസിലെ എട്ടുവരെയുള്ള പ്രതികള്‍. ഒന്‍പതാം പ്രതിസ്ഥാനത്ത് മറ്റുള്ളവര്‍ എന്നും ചേര്‍ത്തിട്ടുണ്ട്.

കേസില്‍ എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്നും ഇ.ഡി വ്യക്തമാക്കി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കോഴയ്ക്ക് തെളിവായെന്ന് ഇഡി വ്യക്തമാക്കി.

ലൈഫ് മിഷന്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടില്‍ പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ സ്വപ്‌ന കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണ്ണത വരൂവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്‍മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്‌ന പറഞ്ഞു.

ലൈഫ്മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും ഇ.ഡി.റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരെ തെളിവുണ്ട്. സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും ഇ.ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവശങ്കറിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ചാറ്റുകളുടേയും മറ്റു ഇടപാടുകളുടേയും രേഖകള്‍ ഉണ്ട്. ഇവ പരിശോധിച്ചാല്‍ ശിവശങ്കറിന് കേസിലുള്ള പങ്ക് വ്യക്തമാകും. ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും ഇ.ഡി.യുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിന് മാത്രം അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.