സ്വന്തം ലേഖകൻ: കുവൈത്ത് തൊഴിൽ വിപണിയിൽ പകുതിയിലേറെ പേരും ഇന്ത്യക്കാരും ഈജിപ്തുകാരും. കുവൈത്തി പൗരന്മാർ മൂന്നാം സ്ഥാനത്താണുള്ളത്. സെൻട്രൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സർവേ റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. കുവൈത്തിൽ ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളിലായി 19,70,719 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇതിൽ 24.1 ശതമാനം തൊഴിലാളികളും ഇന്ത്യക്കാരാണ്. 23.6 ശതമാനവുമായി ഈജിപ്ഷ്യൻ തൊഴിലാളികളും 22.2 ശതമാനവുമായി കുവൈത്തികളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. നിലവിൽ 4,76,335 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവർക്ക് പുറമെയുള്ള കണക്കാണിത്.
120 ഓളം രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിറിയ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും. അതിനിടെ സ്വദേശിവത്ക്കരണം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
സ്വകാര്യ മേഖലയിൽ കുവൈത്തി പൗരന്മാർക്ക് സംവരണ തോത് വർധിപ്പിക്കുന്നതിനുള്ള നിർദേശം സിവിൽ സർവീസ് കമ്മീഷൻ പരിഗണനയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല