സ്വന്തം ലേഖകൻ: കമലാ ഹാരിസിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നു. യുഎസ് രാഷ്ട്രീയ പ്രവർത്തക നിക്കി ഹെയ്ലിയാണ് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ യുഎന്നിലെ യുഎസ് അംബാസിറായി പ്രവർത്തിച്ച് പരിചയമുള്ള നിക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ റിപ്പബ്ലിക്കൻ എതിരാളിയാകും.
ട്വിറ്ററിലൂടെയാണ് നിക്കി തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മത്സരിക്കുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെതന്നെ പ്രചരണത്തിലും ഇവർ സജീവമായിട്ടുണ്ട്. പുതു തലമുറയിലെ നേതൃത്വമാണ് യുഎസിന് വേണ്ടത് എന്ന് പറഞ്ഞാണ് സ്വന്തം നേട്ടങ്ങൾ എടുത്തുകാണിച്ചിരിക്കുന്നത്. ജനകീയ വോട്ടിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികൾ പതിവായി പിന്നിലാകുന്നതും ചൂണ്ടിക്കാണിച്ചായിരുന്നു ട്വീറ്റ്.
പഞ്ചാബിൽ നിന്നും കുടിയേറിയ അജിത് സിങ് രൺധാവയുടേയും രാജ് കൗറിന്റേയും മകളാണ് നിക്കി. സമീപ വർഷങ്ങളിൽ വഴിതെറ്റിപ്പോയ ഒരു പാർട്ടിയെയും രാജ്യത്തെയും പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു മാറ്റക്കാരിയെന്നാണ് നിക്കി ഹേലി സ്വയം സ്ഥാനമുറപ്പിക്കുന്നു.
ട്രംപ് വീണ്ടും മത്സരിച്ചാൽ അദ്ദേഹത്തെ വെല്ലുവിളിക്കില്ലെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് തന്റെ വാക്കുകൾ മാറ്റിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎസ് മറ്റൊരു വഴിയിലേക്ക് നോക്കണമെന്നാണ് അവരുടെ വാദം.
പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേക്ക് എത്തുന്നതിന് മുൻപായി, അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ അവർക്ക് വിജയിക്കേണ്ടതുണ്ട്. 2024 നവംബർ 5 നാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
51കാരിയായ നിക്കി രണ്ട് തവണ സൗത്ത് കരോലിനയുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. 39-ാം വയസ്സിൽ, 2011 ജനുവരിയിൽ അധികാരമേറ്റപ്പോൾ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായിരുന്നു ഹേലി, സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവർണറായി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ജനുവരി അവസാനത്തോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾക്ക് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ചിരുന്നു. ന്യു ഹാംപ്സ്പിയർ, സൗത്ത് കരോലിന എന്നിവിടങ്ങളിലാണ് ട്രംപ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ബൈഡന് പകരക്കാരനെ കണ്ടെത്തണമെന്ന ആവശ്യം ഡെമോക്രാറ്റുകൾക്കിടയിൽ ഉയർന്നുവന്നിട്ടുണ്ട്.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, സൗത്ത് കാരോലിനയിൽ നിന്നുള്ള സെനറ്റർ ടീം സ്കോട്ട് തുടങ്ങിയവരും ട്രംപിന് എതിരാളികളാകുമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല