സ്വന്തം ലേഖകൻ: തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാതയുടെ കല്ലിടല്‍ ഈ വര്‍ഷം തുടങ്ങും. ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടല്‍ നടത്തുക. നിര്‍ദിഷ്ട വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക.
നേരത്തെ അരുവിക്കരയില്‍നിന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. കല്ലിടലിന് മുന്‍പുള്ള ഏരിയല്‍ സര്‍വേ ഭോപ്പാല്‍ ഏജന്‍സി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ തയ്യാറാക്കിയ സര്‍വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കല്‍ കമ്മിറ്റിക്ക് ഉടന്‍ കൈമാറും. കമ്മിറ്റിയാണ് ഈ സര്‍വേ അംഗീകരിക്കണമോയെന്ന് തീരുമാനിക്കുന്നത്. മാറ്റമുണ്ടെങ്കില്‍ കണ്‍സള്‍ട്ടന്റിനെ അറിയിക്കും. ഇത് തീര്‍പ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് 3 എ വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. തുടര്‍ന്ന് കല്ലിടല്‍ തുടങ്ങാനാണ് നീക്കം.
ഗ്രീന്‍ഫീല്‍ഡ് പാതയുടെ സര്‍വേയ്ക്കും മാപ്പിങ്ങിനും കല്ലിടലിനുമായി ഏഴ് കോടി രൂപയ്ക്കാണ് ഭോപ്പാല്‍ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റിന് ദേശീയപാത അതോറിറ്റി കരാര്‍ നല്‍കിയത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന്റെ സര്‍വേ നടത്തുന്നതും ഇവരാണ്. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ യൂണിറ്റുകളും ഉടന്‍ തുടങ്ങും. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കും.
നാലുവരിപ്പാതയ്ക്ക് സര്‍വേ കല്ലിട്ടശേഷം ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ നിര്‍മാണത്തിനുള്ള ലേലം ക്ഷണിക്കുമെന്നാണ് ദേശീയപാത അധികൃതര്‍ നല്കുന്ന സൂചന. അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് ടെന്‍ഡര്‍ അംഗീകരിച്ച് നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല