സ്വന്തം ലേഖകൻ: സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആൾക്കൂട്ട ആക്രമണം. താരം സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ സ്റ്റാർ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെൽഫി ആവശ്യപ്പെട്ടത്.
താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം മറ്റൊരു സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞു. തുടർന്ന് ഇവരെ ഹോട്ടലിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ അക്രമികൾ പുറത്ത് കാത്തുനിൽക്കുകയായിരുന്നു. പിന്നീട് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാർ ജോഗേശ്വരി ലിങ്ക് റോഡിൽ അക്രമികൾ തടഞ്ഞുനിർത്തി. ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു.
എന്നാൽ, ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിൽ ഹോട്ടലിൽനിന്ന് മടങ്ങിയിരുന്നുവെന്ന് ‘എ.ബി.പി ന്യൂസ്’ റിപ്പോർട്ട് ചെയ്തു. അതിനിടെ പൃഥ്വി ഷായെ ആക്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറായ സപ്ന ഗിൽ എന്ന ചണ്ഡിഗഡുകാരിയാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഏഴു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
പൃഥ്വി ഷായെ ആക്രമിച്ചതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച സപ്ന ഗിൽ ചില്ലറക്കാരിയല്ല. ഇൻസ്റ്റഗ്രാമിൽ മാത്രം ഏതാണ്ട് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമാണ് സപ്ന ഗിൽ. കാശി അമർനാഥ്, നിർഹുവ ചലാൽ ലണ്ടൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചണ്ഡിഗഡ് സ്വദേശിനിയായ ഗിൽ, നിലവിൽ മുംബൈയിലാണ് സ്ഥിര താമസം. വിഡിയോ പ്ലാറ്റ്ഫോമായ ജോഷ്, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയവയിലെല്ലാം സജീവമായിട്ടുള്ള വ്യക്തി കൂടിയാണ് ഗിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല