1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2023

സ്വന്തം ലേഖകൻ: രാജ്യത്തേക്കെത്തുന്ന വിദേശികളുടെ പ്രവേശന നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക വഴി വ്യാജ വീസകളും വീസ കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് അഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കുവൈത്ത് വീസ ആപ്പ് നിലവില്‍ വന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

പരീക്ഷണ ഘട്ടത്തിലെ ഇതിന്റെ കാര്യക്ഷമത വിലയിരുത്തിയ ശേഷം മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് കുവൈത്ത് വീസ ആപ്പ് എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ കുവൈത്ത് വീസ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എന്‍ട്രി വിസയുടെ സാധുത ഉറപ്പ് വരുത്താന്‍ സാധിക്കും.

ഈയിടെ രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ‘ജനസംഖ്യാശാസ്ത്രവും തൊഴില്‍ വിപണി വികസനവും’ എന്ന സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ ആപ്പ് ഒരുക്കിയിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ സ്മാര്‍ട്ട് ഐഡന്റിറ്റി മൈ ഐഡന്റിറ്റി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യവും കുവൈത്ത് വീസ ആപ്ലിക്കേഷന് പിന്നിലുണ്ട്.

പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ വ്യാജ രേഖകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് വരുന്നവരെയും വ്യാജ വീസകള്‍ വഴി രാജ്യത്തെത്തുന്നവരെയും തടയാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം ക്രിമിനല്‍ പശ്ചാത്തലങ്ങളോ പകര്‍ച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയുവാനും ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും അവതരിപ്പിക്കുമെന്ന് അഭ്യന്തര മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ കുവൈത്തിലേക്ക് വിമാനം കയറുന്നതിനു മുമ്പ് തന്നെ കുവൈത്തിലേക്ക് ജോലിക്ക് വരുന്നവരുടെ വീസ ആപ്പിലൂടെ അവരുടെ എന്‍ട്രി പെര്‍മിറ്റിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്താനാകും. ഇതുവഴി വിമാനക്കമ്പനികള്‍ക്ക് യാത്രക്കാരന്റെ വീസ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കാനും അവസരമൊരുങ്ങും. രാജ്യത്ത് അനധികൃതമായി നിരവധി പേര്‍ പ്രവേശിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വീസ ആപ്പ് അധികൃതര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തേ വ്യാജ വീസകളിലൂടെയും സര്‍ട്ടിഫിക്കറ്റുകളുടെ സഹായത്തോടെയും നിരവധി ഈജിപ്ത് ജീവനക്കാര്‍ കുവൈത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരേ അധികൃതര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ പുതിയ ഇലക്ട്രോണിക് സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.