1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2023

സ്വന്തം ലേഖകൻ: അര്‍ജന്റീനയിലെ സനാന്റോറിയോ ഫിനോചിയറ്റോ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡിലെ കാത്തിപ്പുപുരയില്‍ നിന്ന് റഷ്യന്‍ ഭാഷയിലുള്ള ഒതുക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം. തൊട്ടുമുന്നിലിരിക്കുന്നതും അതിന് മുന്നിലിരിക്കുന്നതും ഒക്കെ റഷ്യക്കാരാണെന്ന് മനസിലാക്കിയ ഒരേ നാട്ടുകാര്‍ പരസ്പരം റഷ്യന്‍ ഭാഷ കൊണ്ട് കോര്‍ത്തിണക്കപ്പെടുന്നു. നിറവയറുമായി ഇരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭകാല പ്രയാസങ്ങളും ആശങ്കകളും വിശേഷങ്ങളും പരസ്പരം പറയുന്നു.

അര്‍ജന്റീനയിലെ ഈ ഒരു ആശുപത്രിയില്‍ മാത്രം എന്താണിത്ര റഷ്യന്‍ ഗര്‍ഭിണികളുടെ തിരക്കെന്ന് ആശ്ചര്യപ്പെടേണ്ടതില്ല. ഒന്നോ രണ്ടോ മാസങ്ങളായി അര്‍ജന്റീനയിലെ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗങ്ങളിലെ പതിവ് കാഴ്ചയാണിത്. വേദനിക്കുന്ന നടുവുകളും വീര്‍ത്ത വയറുകളും സമ്മിശ്ര വികാരങ്ങള്‍ കൊണ്ട് വിങ്ങിയ മനസുകളുമായി റഷ്യന്‍ സ്ത്രീകള്‍ അര്‍ജന്റീനയിലേക്ക് ഈ ഗര്‍ഭകാല ടൂറിസം നടത്തുന്നതിന് പിന്നില്‍ ഒരു വലിയ കാരണമുണ്ട്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയതോടെ നൂറുകണക്കിന് ഗര്‍ഭിണികളും അവരുടെ പങ്കാളികളുമാണ് അര്‍ജന്റീനയിലേക്ക് വിമാനം പിടിക്കുന്നത്. യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ എന്റെ കുഞ്ഞ് ജനിക്കേണ്ട എന്നുറപ്പിച്ച് ബുദ്ധിമുട്ടിയാണെങ്കിലും യാത്ര ചെയ്യാന്‍ ഈ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പൊതുവായ ചില കാരണങ്ങളുണ്ട്. പുടിന്റെ റഷ്യയിലെ പൗരത്വമല്ല തങ്ങളുടെ കുഞ്ഞിന് വേണ്ടതെന്നാണ് ഈ ദമ്പതിമാര്‍ കരുതുന്നത്. വര്‍ഷങ്ങളോളം അവസാനിക്കാതെ തുടര്‍ന്നേക്കാവുന്ന ഈ യുദ്ധ പരമ്പരകളില്‍ എപ്പോഴെങ്കിലും റഷ്യന്‍ പൗരനായി എന്നതിന്റെ പേരില്‍ തങ്ങളുടെ മക്കളും പങ്കെടുക്കേണ്ടി വരുമോ എന്ന ആശങ്കയും ഉടന്‍ മാതാപിതാക്കളാകാനിരിക്കുന്ന ഇവര്‍ക്കുണ്ട്.

കുഞ്ഞിന് അര്‍ജന്റീനയിലെ പൗരത്വം നേടിയെടുക്കുന്നത് വഴി കുഞ്ഞിന്റേയും തങ്ങളുടേയും മെച്ചപ്പെട്ട ഭാവിയ്ക്കായാണ് ഇവര്‍ ഗര്‍ഭകാല ടൂറിസം നടത്തുന്നത്. ജനിക്കാനിരിക്കുന്നത് ആണ്‍കുട്ടിയാണെന്ന് അറിഞ്ഞതുകൊണ്ട് കുഞ്ഞിനെ റഷ്യക്കാരനായി വളര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് അര്‍ജന്റീനയിലെത്തിയ ദമ്പതിമാരുമുണ്ട്. എന്റെ മകന് സമാധാനം വേണം, അവനൊരു നല്ല ഭാവിയുണ്ടാകണം എന്ന് ചില സ്ത്രീകള്‍ പറയുന്നു.

തങ്ങളുടെ ഭര്‍ത്താക്കന്മാരെ നിര്‍ബന്ധിതമായി യുദ്ധത്തില്‍ പങ്കെടുപ്പിച്ചേക്കാമെന്നതിനാല്‍ റഷ്യയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് കുടുംബത്തിന് നല്ലതെന്ന് പറയുന്ന സ്ത്രീകളുമുണ്ട്. സ്‌കൂള്‍ കുട്ടികളില്‍ യുക്രൈന്‍ അധിനിവേശത്തിന് അനുകൂലമായ മനോഭാവം വളര്‍ത്താന്‍ അവധിദിന ക്ലാസുകള്‍ ഉള്‍പ്പെടെ റഷ്യയില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. യുദ്ധത്തില്‍ നിന്ന് അകന്ന് നിന്ന് മനസമാധാനത്തോടെ ജീവിക്കാന്‍ റഷ്യ വിടുന്നത് തന്നെയാണ് ഉത്തമമെന്നും ഈ സ്ത്രീകള്‍ പറയുന്നു.

റഷ്യന്‍ സ്ത്രീകളുടെ ഈ ഗര്‍ഭകാല ടൂറിസം അര്‍ജന്റീനന്‍ ഭരണകൂടത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അര്‍ജന്റീനയിലെ ബോനസ് എയേര്‍സ് വിമാനത്താവളത്തില്‍ വച്ച് ആറ് റഷ്യന്‍ സ്ത്രീകള്‍ തടവിലാക്കപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. റഷ്യക്കാര്‍ വ്യാപകമായി ഇങ്ങോട്ട് വരുന്നതില്‍ മറ്റ് പല ഉദ്ദേശങ്ങളും അര്‍ജന്റീന സംശയിച്ചിരുന്നു.

അര്‍ജന്റീനയില്‍ നിറവയറുമായി എത്തുന്ന സ്ത്രീകളില്‍ ഏറെപ്പേരുടെ കൈയിലും ടൂറിസ്റ്റ് വീസ മാത്രമേ ഉണ്ടാകാറുള്ളൂ. നിശ്ചിത തിയതിയില്‍ തിരിച്ചുപോകാനായി എടുത്ത മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഭൂരിഭാഗം പേര്‍ക്കുമില്ല. ഇതിനെല്ലാം പിന്നില്‍ ക്രിമിനല്‍ ഗ്യാങുകളുണ്ടോ എന്ന് ഭരണകൂടം സംശയിച്ചെങ്കിലും അര്‍ജന്റീനയില്‍ വന്ന് പ്രസവിക്കുക മാത്രമാണ് ഈ സ്ത്രീകളുടെ ഉദ്ദേശ്യമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.