സ്വന്തം ലേഖകൻ: ഭൂകമ്പം തകർത്ത തുർക്കി – സിറിയയിൽ നിന്ന് വരുന്ന സങ്കടക്കാഴ്ചകൾക്കിടെ ഏറെ മനം നിറക്കുന്ന മനുഷ്യത്വത്തിന്റെ കണിക വറ്റാത്ത ഒരു ചിത്രമാണ് ഇപ്പോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. നിമിഷങ്ങൾകൊണ്ട് തകർന്ന് തരിപ്പണമായ നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകൻ പുറത്തെടുത്ത പൂച്ച, രക്ഷിച്ചയാളെ വിട്ടുപോകാൻ വിസമ്മതിക്കുന്നതിന്റെ ചിത്രം വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു.
ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഈ പൂച്ചയെ, രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകൻ ദത്തെടുത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഗെരാഷ്ചെങ്കോ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകനായ അലി കാക്കസ് രക്ഷപ്പെടുത്തിയ പൂച്ച, അദ്ദേഹത്തെ വിട്ടു പോകാൻ വിസമ്മതിക്കുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ഇപ്പോൾ മറ്റൊരു ചിത്രവുമായി ആന്റൺ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. രക്ഷാപ്രവർത്തകനൊപ്പം കിടക്കയിൽ ചേർന്ന് കിടക്കുന്ന പൂച്ചയേയും, ആന്റൺ പങ്കുവെച്ച ഫോട്ടോയിൽ കാണാം.
‘അവശിഷ്ടം’ എന്നർഥം വരുന്ന തുർക്കി പേരാണ് അലി കക്കസ്, തന്നെ വിട്ടു പോകാൻ മടിച്ച, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയ്ക്ക് ഇട്ടിരിക്കുന്നത്. ചിത്രം ട്വീറ്റ് ചെയ്ത ഉടൻ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 50 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല