1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2023

സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ചശേഷം ഇസ്രയേലില്‍നിന്ന് കാണാതായ മലയാളി കര്‍ഷകന്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനാണ് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വീട്ടുകാര്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ചത്. അതേസമയം, കൂടുതല്‍വിവരങ്ങളൊന്നും ഇദ്ദേഹം ബന്ധുക്കളുമായി പങ്കുവെച്ചിട്ടില്ല.

സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.

പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഇദ്ദേഹത്തിന്റെ കൈയിലുണ്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവര്‍ വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇസ്രയേല്‍ പോലീസും ബിജുവിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്‍.ഐ.സി. ഏജന്റ് കൂടിയായ ബിജുവിന് ഇസ്രയേലില്‍ ചില സുഹൃത്തുക്കളുള്ളതായി വിവരങ്ങളുണ്ട്. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നു. എന്നാല്‍ വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഇതിന് മേയ് എട്ടുവരെ കാലാവധിയുണ്ട്.

അതിനിടെ ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ ബിജു കുര്യന്‍ ബോധപൂര്‍വം മുങ്ങിയതെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്ര‌യേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.