സ്വന്തം ലേഖകൻ: വിജയകരമായ ഫിഫ ലോകകപ്പ് ആതിഥേയത്വം ഖത്തറിലെ ജനതയുടെ ജീവിത ഗുണനിലവാരം ഉയർത്താൻ സഹായകമായെന്നു വിലയിരുത്തൽ. ലോകകപ്പ് പൈതൃകം ജനതയുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ശ്രദ്ധേയമായ മത്സരാധിഷ്ഠിത കായിക ടൂറിസം കേന്ദ്രമായി മാറാൻ ഖത്തറിനെ സഹായിക്കുകയും ചെയ്തു.
ലോകകപ്പിനായി പൂർത്തിയാക്കിയ ഗതാഗത- യാത്രാ സൗകര്യങ്ങൾ, റോഡുകൾ, പുതിയ കായിക-വിനോദ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ കനത്ത വികസനമാണു മുൻനിര കായിക ടൂറിസം കേന്ദ്രമായി മാറാനും ജനതയുടെ ജീവിത ഗുണനിലവാരം ഉയർത്താനും കാരണമായതെന്ന് അടുത്തിടെ മോഡേൺ ഡിപ്ലോമസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിശദമാക്കിയിരിക്കുന്നത്.
ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ കോളജ് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ സ്‌പോർട്‌സ് മാനേജ്‌മെന്റ് അസി.പ്രഫ.ഡോ.ക്രിസ്‌റ്റോസ് അനഗ്‌നോസ്‌ടോപൗലോസ്, സ്‌പോർട്‌സ്-എന്റർടെയ്ൻമെന്റ് മാനേജ്‌മെന്റ് പ്രോഗ്രാം ഡയറക്ടർ ഡോ.കമില സ്വാർട്ട് എന്നിവരുടേതാണ് ലേഖനം. പരിസ്ഥിതി മെച്ചപ്പെടുത്തലിനാണു ഖത്തർ ലോകകപ്പ് പ്രധാന ശ്രദ്ധ ചെലുത്തിയത്.
നിലവിലെ പാരിസ്ഥിതിക വെല്ലുവിളികൾ പരിഹരിക്കാനായി ഫിഫയുമായി ചേർന്നു സമഗ്ര സുസ്ഥിര നയമാണ് നടപ്പാക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്കും കായികമേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനും ലോകകപ്പിലൂടെ സാധ്യമായി. ഫുട്‌ബോൾ സ്‌റ്റേഡിയങ്ങൾ, ദോഹ മെട്രോ, ഹമദ് ഇന്റർനാഷനൽ എയർപോർട്ട്, തുറമുഖങ്ങൾ, മറ്റ് റോഡ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയെല്ലാം ഫിഫ ലോകകപ്പിന്റെ ഏറ്റവും അടിയന്തര ഫലമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ താമസക്കാരിൽ നിരവധി പേർ നഗരയാത്രകൾക്കായി ദോഹ മെട്രോ യാത്ര ശീലമാക്കിയത് ഉൾപ്പെടെ ജനതയുടെ മനോഭാവത്തിലും പെരുമാറ്റത്തിലും വരെ നല്ല മാറ്റം വരുത്താൻ ലോകകപ്പ് പൈതൃകം കാരണമായിട്ടുണ്ട്.ലോകകപ്പ് ആതിഥേയത്വത്തിന്റെ വിജയം വൻകിട രാജ്യാന്തര കായിക ഇവന്റുകൾക്ക് വേദിയൊരുക്കുന്നതിന്റെ ട്രാക്ക് റെക്കോർഡ് ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
20,000 ത്തോളം വരുന്ന വൊളന്റിയർമാരുടെ സേവനവും ലോകകപ്പിന്റെ വലിയ വിജയത്തിന് കാരണമായപ്പോൾ ടൂർണമെന്റിലെ വിവിധ സേവനങ്ങളിലൂടെ വൊളന്റിയർമാരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനും ലോകകപ്പിന് കഴിഞ്ഞു.
ഈ വർഷത്തെ എഎഫ്‌സി ഏഷ്യൻ കപ്പ്, 2024 ഫിഫ ലോക നീന്തൽ ചാംപ്യൻഷിപ്, അടുത്ത 10 വർഷത്തെ ഫോർമുല വൺ റേസ്, 2030 ലെ ഏഷ്യൻ ഗെയിംസ് തുടങ്ങി വരാനിരിക്കുന്ന വൻകിട കായിക ആതിഥേയത്വങ്ങൾ മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഒളിംപിക് ഗെയിംസ് ആതിഥേയ രാജ്യമാക്കി ഖത്തറിനെ മാറ്റുമെന്നതിൽ സംശയമില്ലെന്നാണ് ലേഖകരുടെ വിലയിരുത്തൽ.
ഫിഫ ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വം പൂർത്തിയാക്കുകയും ഏഷ്യൻ ഗെയിംസിനു രണ്ടാം തവണയും 2030ൽ ആതിഥേയത്വം ലഭിക്കുകയും ചെയ്തതോടെ ഇനി ഒളിംപിക്‌സ് ഗെയിംസിന് വേദിയൊരുക്കുകയാണു ഖത്തറിന്റെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല