1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2023

സ്വന്തം ലേഖകൻ: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് ഇസ്രയേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് അപ്രത്യക്ഷനായ കര്‍ഷകപ്രതിനിധിയെ കണ്ടെത്തിയില്ല. ഉളിക്കല്‍ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ(48)യാണ് കാണാതായത്. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നാണ് 17-ന് രാത്രി കാണാതായത്.

ഭക്ഷണം കഴിക്കാന്‍ മറ്റൊരു ഹോട്ടലിലേക്ക് ബസില്‍ കയറാന്‍ തയ്യാറായി വന്ന ബിജു കുര്യന്‍ അപ്രത്യക്ഷനാകുകയായിരുന്നു. പ്രതിനിധിസംഘം തലവന്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ഉടന്‍തന്നെ ഇന്ത്യന്‍ എംബസി അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. ബിജുവുമായി ബന്ധമുള്ള ഇസ്രയേലിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു കുര്യന്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. കൂടുതല്‍ വിവരങ്ങള്‍ കൈമാറിയില്ല. പിന്നീട് ബന്ധുക്കളും അന്വേഷണസംഘവും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. സംഘം ഇസ്രയേലില്‍നിന്ന് മടങ്ങി.

വീസയ്ക്ക് മേയ് എട്ടുവരെ കാലാവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയിലായതിനാല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. വീസ റദ്ദാകാനുള്ള സാധ്യതയുമുണ്ട്. കണ്ടെത്തിയാല്‍ മടക്കിയയക്കാനാണ് സാധ്യത. വിമാനടിക്കറ്റിന് 55,000 രൂപയോളം ബിജു മുടക്കിയിരുന്നു.

നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനയ്ക്കുശേഷമാണ് അവരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. വളരെ ആസൂത്രിതമായാണ് ബിജു കുര്യന്‍ മുങ്ങിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയെങ്കിലും സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നു.

അപകടമെന്തെങ്കിലുമുണ്ടായതായി അറിവില്ല. ഇസ്രയേലിലും എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. സംഘം തിരിച്ചെത്തിയശേഷം മറ്റു നിയമനടപടി ആലോചിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ബിജു കുര്യനെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കും. ഉന്നതതലസംഘത്തിന്റെ മറപറ്റി ഇസ്രയേലിലേക്ക് കടക്കുകയായിരുന്നുവെന്ന് വ്യക്തമായി. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളുമായാണ് പുറത്തുപോയത്. മനുഷ്യക്കടത്ത് തടയാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കര്‍ശനനടപടികള്‍ സ്വീകരിക്കവേ, ഔദ്യോഗികസംഘത്തിന്റെ ഭാഗമായെത്തിയ വ്യക്തി മുങ്ങിയത് ഗുരുതരവീഴ്ചയാണ്. ഇന്ത്യന്‍ എംബസി അധികൃതരും അതൃപ്തി അറിയിച്ചതായാണ് വിവരം.

കര്‍ഷകരെ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആക്ഷേപമുണ്ട്. ഇതില്‍ അന്വേഷണമുണ്ടാവും. കര്‍ഷകരെല്ലാം വിമാനടിക്കറ്റ് സ്വന്തമായിട്ടാണ് എടുത്തത്. ബിജുവിന്റെ പശ്ചാത്തലം അന്വേഷിച്ചശേഷമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം.

മതിയായ കാര്‍ഷിക പശ്ചാത്തലമില്ലെന്നും ആരോപണമുണ്ട്. ഉളിക്കല്‍ കൃഷിഭവന്‍ പരിധിയിലാണ് എല്‍.ഐ.സി. ഏജന്റായ ബിജു താമസിക്കുന്നതെങ്കിലും ഇസ്രയേലിലേക്ക് പോയത് പായം കൃഷിഭവന്‍ മുഖേനയാണ്. ബിജുവിന് പായത്ത് രണ്ടേക്കര്‍ സ്ഥലമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.