1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2023

സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോജിസ്റ്റിക്‌സ് വിപണിയുടെ വളർച്ചാ നിരക്ക് ഇനിയുള്ള വർഷങ്ങളിലും ഉയരുമെന്ന് പഠനം. ലോജിസ്റ്റിക് വിപണിയുടെ വളർച്ച 2026 വരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളേക്കാൾ മുൻപിലായിരിക്കുമെന്നാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമാക്കി.

2020 മുതൽ 2026 വരെയുള്ള കാലയളവിലെ വളർച്ചാനിരക്ക് സംബന്ധിച്ചാണ് പഠനം. നിക്ഷേപകർക്ക് ഖത്തറിന്റെ സവിശേഷതകളായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, അഭിവൃദ്ധിപ്പെടുന്ന വ്യാവസായിക പ്രവർത്തനങ്ങൾ, ബിസിനസ് സൗഹൃദ സമീപനം എന്നിവയുടെ പ്രയോജനം നേടാനുള്ള അവസരമാണിത്. ലോജിസ്റ്റിക് പ്രകടന മേഖലയിൽ ലോകത്തിലെ ആദ്യ 20 ശതമാനം രാജ്യങ്ങൾക്കിടയിലാണ് ഖത്തറിന്റെ സ്ഥാനം. മധ്യപൂർവദേശത്ത് രണ്ടാം സ്ഥാനവും.

ചെറുകിട-ഇടത്തരം കമ്പനികളുടെ സംരംഭകർക്കും ഉടമകൾക്കുമുള്ള റെഡിമെയ്ഡ്, സംയോജിത വ്യാവസായിക സൗകര്യങ്ങൾ, ഫ്രീ സോണിൽ കുറഞ്ഞ വൈദ്യുതി നിരക്ക്, നികുതി ഇളവുകൾ, ഇറക്കുമതിക്കുള്ള കസ്റ്റംസ് ഇളവുകൾ തുടങ്ങി മൂലധനത്തിലേക്കുള്ള പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഖത്തറിന്റെ ലോജിസ്റ്റിക് മേഖലയുടെ പ്രകടനം.

ബിസിനസ്-സൗഹൃദ അന്തരീക്ഷം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും ഹമദ് തുറമുഖത്തിനുമിടയിലുള്ള ആഗോള കമ്യൂണിക്കേഷൻ സേവനങ്ങൾ, ആവശ്യത്തിനുള്ള ചരക്കുകളും സാമഗ്രികൾ നൽകാൻ വ്യത്യസ്ത വ്യാപാര പങ്കാളികൾ, അത്യാധുനിക സാങ്കേതിക ഘടന തുടങ്ങി വിദേശ നിക്ഷേപകർക്ക് അനുയോജ്യവും ഗുണകരവുമായ സൗകര്യങ്ങളും സേവനങ്ങളുമാണ് ഖത്തർ പ്രദാനം ചെയ്യുന്നത്.

ലോജിസ്റ്റിക്, വെയർഹൗസിങ് എന്നിവ കൈകാര്യം ചെയ്യാൻ നൂതന ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമാണ് ഖത്തറിന്റേത്. വിദേശനിക്ഷേപകർ ഇനിയും ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ഇനിയും ഖത്തറിലുണ്ടെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയും വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ കരാറുകളും നിക്ഷേപകർക്ക് ഗുണം ചെയ്യുന്നവയാണ്.

രാജ്യത്തിന്റെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡ് ശൃംഖല എന്നിവയുമായി ബന്ധപ്പെടുത്തിയുള്ളതും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും നിറഞ്ഞ ആധുനിക ലോജിസ്റ്റിക്കൽ സംവിധാനമാണ് ഖത്തറിന്റേത്. ഖത്തറിന്റെ സംയോജിത ലോജിസ്റ്റിക് സെന്ററുകളുടെ പ്രവർത്തനത്തിലൂടെ വെയർഹൗസിങ്, ലോജിസ്റ്റിക് ശൃംഖലകളിലെ നിക്ഷേപകർക്കും കമ്പനികൾക്ക് നിരവധി അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.