സ്വന്തം ലേഖകൻ: “ഇസ്രയേലില്‍ ശുചീകരണജോലി അടക്കമുള്ള ചെറിയജോലികള്‍ക്കെല്ലാം വലിയ വേതനമാണ്. ശുചീകരണജോലിക്ക് ഒരുദിവസം പതിനായിരം രൂപയിലേറെ വേതനമുണ്ട്. കൃഷിപ്പണിക്കും ഇരട്ടിയാണ് വേതനം, ഇതെല്ലാം കണ്ട് വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജുകുര്യന്‍ പോയിരിക്കുന്നത്,” ഇസ്രയേലില്‍ ആധുനികകൃഷി രീതി പഠിക്കാനായി പോയ സംഘത്തിലെ അംഗമായിരുന്ന ആലപ്പുഴ സ്വദേശി സുജിത്ത് പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞദിവസമാണ് സുജിത്ത് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ ഇസ്രയേലില്‍നിന്ന് തിരികെ കേരളത്തില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഇസ്രയേലില്‍നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജുകുര്യനെക്കുറിച്ച് ഇതുവരെ മറ്റുവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബിജുകുര്യന്‍ വ്യക്തമായി ആസൂത്രണം ചെയ്താണ് ഇസ്രയേലില്‍വെച്ച് മുങ്ങിയതെന്നാണ് സഹയാത്രികനായിരുന്ന സുജിത്തും കരുതുന്നത്.
ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സംഘം 12 നാണു സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 27 അംഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. 17നു രാത്രിയാണു ബിജുവിനെ ഇസ്രയേലിലെ ഹെര്‍സ് ലിയയിലെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെത്തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി.
അതിനിടെ, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യന്‍ 16നു ഭാര്യയ്ക്കു വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു. ബിജുവിന്റേത് ആസൂത്രിത നീക്കമായിരുന്നു എന്നാണ് കൃഷി മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിതയായും ആരാണ് ബിജുവിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു സംഭവമണ്ടായത് മോശമായിപ്പോയെന്നു മന്ത്രി പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാല്‍ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് എട്ടു വരെ വീസയ്ക്കു കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടായേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല